മലയാളം ലോകസാഹിത്യത്തിനു നൽകിയ അപൂർവ്വ പ്രതിഭകളിൽ ഒരാളാണ് എം ടി വാസുദേവൻ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന എം ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി ലയിച്ചുചേർന്നു കഴിഞ്ഞ മഹാനായ എം ടിക്ക് ആദരാഞ്ജലികളർപ്പിക്കുന്ന അനുശോചന യോഗത്തിൽ എല്ലാവരേയും പോലെ  ഏറെ വേദനയോടെയാണ് പങ്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 എം ടിയുമായി സഹകരിച്ച ഒരുപാടു നിമിഷങ്ങൾ ഓർമച്ചിത്രങ്ങളായി മനസ്സിൽ തെളിയുന്നുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച നിമിഷങ്ങളും അദ്ദേഹം കാട്ടിയ സ്നേഹവും പരിഗണനയും എല്ലാം മനസ്സിൽ വന്നുനിറയുന്നുണ്ട്. അവയെല്ലാം വലിയ ഒരു ധന്യതയായി മനസ്സിൽ സൂക്ഷിക്കുന്നു.

 മുഖ്യമന്ത്രിയായിരിക്കെത്തന്നെ എം ടിയെ പലവട്ടം കണ്ടിട്ടുണ്ട്. വ്യക്തിപരമായ ഏതെങ്കിലും കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന് ഒന്നും പറയാനുണ്ടായിരുന്നില്ല. പറയാനുണ്ടായിരുന്നതൊക്കെ മലയാള ഭാഷയെക്കുറിച്ചും തുഞ്ചൻ പറമ്പിനെക്കുറിച്ചും ഒക്കെയായിരുന്നു. മലയാള ഭാഷയോടുള്ള സ്‌നേഹവും പുതുതലമുറകൾക്കു നല്ല മലയാളം നഷ്ടമാവുന്നതിനെക്കുറിച്ചുള്ള ഉൽകണ്ഠകളും പങ്കുവെച്ചിട്ടുണ്ട്. തുഞ്ചൻ പറമ്പാവട്ടെ, അദ്ദേഹത്തിനു സ്വന്തം ഹൃദയം തന്നെയായിരുന്നു.

മലയാള ഭാഷാ പ്രതിജ്ഞ നമുക്കായി തയ്യാറാക്കിത്തന്ന, തുഞ്ചൻ പറമ്പിനെ ലോകത്തെങ്ങുമുള്ള സാഹിത്യകാരന്മാരുടെ തീർത്ഥാടന കേന്ദ്രമാക്കി വളർത്തിയ . അതിനൊക്കെയായി കൈയും മെയ്യും മറന്നു പ്രവർത്തിച്ചയാളാണ് എം ടി.

അദ്ദേഹം അസുഖബാധിതനാണെന്നും പിന്നീട് ഗുരുതരാവസ്ഥയിലായി എന്നുമറിഞ്ഞു. എന്നാൽ, മുമ്പത്തെ പോലെ ഇപ്പോഴും ആ ഘട്ടങ്ങളെ മറികടന്ന് എം ടിക്ക് ജീവിതത്തിൽ ഒരു ‘രണ്ടാമൂഴം’ കൂടിയുണ്ടാവുമെന്നു പ്രതീക്ഷിച്ചു. ആ പ്രതീക്ഷ സഫലമായില്ല.

മരണത്തെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ വലിയ കാഴ്ചപ്പാടുകൾ എഴുത്തിലൂടെ അവതരിപ്പിച്ച വ്യക്തിയാണ് എം ടി. ജനനം മുതൽ നമുക്കൊപ്പം നടക്കുന്ന നിഴലാണ് മരണമെന്നും അത് ഒരുനാൾ നമുക്കുനേരെ തിരിഞ്ഞുനിൽക്കുമെന്നും അദ്ദേഹം എഴുതുകയുണ്ടായി. മരണത്തെ സാമാന്യവത്ക്കരിച്ചുകൊണ്ട് ഇങ്ങനെ എഴുതിയ എഴുത്തുകാരന്റെ മരണം ഉൾക്കൊള്ളാൻ നമുക്ക് പക്ഷെ, കഴിയുന്നില്ല. നമ്മുടെ സാഹിത്യത്തിൽ, നമ്മുടെ സിനിമകളിൽ, നമ്മുടെ സാമൂഹ്യ മണ്ഡലത്തിൽ എല്ലാം എം ടി അദൃശ്യ സാന്നിധ്യമായി തുടർന്നും നിലകൊള്ളും.

എം ടി സാഹിത്യത്തിൽ ചെയ്തത് കൃത്യമായും തന്റെ ജീവിത കാലഘട്ടത്തെ സർഗ്ഗാത്മകമായി അടയാളപ്പെടുത്തുകയാണ്. നാടുവാഴിത്തത്തിന്റെ, മരുമക്കത്തായത്തിന്റെ ഒക്കെ തകർച്ച അതു വ്യക്തിബന്ധങ്ങളിലും സമൂഹബന്ധങ്ങളിലും വരുത്തിയ മാറ്റം ഒക്കെ എഴുത്തിലൂടെ അടയാളപ്പെടുത്തി. നാലുകെട്ടുപോലെയുള്ള കൃതികൾ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവിതദുരന്തങ്ങളിൽ ദൈവം പോലും അഭയമാവുന്നില്ലെന്ന ബോധത്തിൽ നിന്നുണ്ടാവുന്ന ഉൽകണ്ഠകളെയും അടയാളപ്പെടുത്തി – പള്ളിവാളും കാൽച്ചിലമ്പും പോലുള്ള കൃതികൾ ഉദാഹരണങ്ങൾ.

ചുരുക്കിപ്പറഞ്ഞാൽ കാലത്തിനു നേർക്കു തിരിച്ചുപിടിച്ച മനസ്സായിരുന്നു എം ടിക്ക് സാഹിത്യലോകം. തൊട്ടതൊക്കെ പൊന്നാക്കിയ എഴുത്തുകാരനാണ്. ചതിയൻ ചന്തു എന്ന ഒരാൾ ഇന്നു മലയാള മനസ്സിൽ ഇല്ലാതായത് അദ്ദേഹത്തിന്റെ വടക്കൻ വീരഗാഥ ഉണ്ടായതുകൊണ്ടാണ്. ചന്തു ചതിയനല്ലെന്നും ചതിക്കപ്പെട്ടവനാണെന്നും എം ടി പറഞ്ഞുവെച്ചപ്പോൾ കാലങ്ങളായി നിലനിന്ന ഒരു ചെളി ചന്തുവിൽ നിന്നു മാറ്റപ്പെടുകയായിരുന്നു. അത്ര ശക്തവും സർഗാത്മകവുമായിരുന്നു ആ എഴുത്ത്.

സർവശക്തനായി കരുതപ്പെടുന്ന ഭീമൻ രണ്ടാമൂഴക്കാരനായി എന്നും മാറ്റിനിർത്തപ്പെട്ടവനാണെന്ന കാര്യം എം ടി രണ്ടാമൂഴത്തിലൂടെ ഓർമ്മിപ്പിച്ചപ്പോൾ മാത്രമാണു നാം തന്നെ ഓർത്തത്. എത്ര മൗലികമാണ് ആ സങ്കല്പം! മഞ്ഞ്, കാലം തുടങ്ങിയ കൃതികളാകട്ടെ, മലയാളിക്ക് ഒരിക്കലും മനസ്സിൽ നന്നു മാറ്റിനിർത്താൻ കഴിയാത്തവയാണ്.

സാഹിത്യകൃതികൾ കൊണ്ടുമാത്രമല്ല, മനുഷ്യസ്നേഹപരമായ നിലപാടുകൾ കൊണ്ടുകൂടിയാണ് എം ടി മലയാള മനസ്സിൽ പതിഞ്ഞുനിൽക്കുന്നത്. തുഞ്ചൻ പറമ്പിനെ വർഗീയ ദുസ്വാധീനങ്ങൾക്കായി തുറന്നുകൊടുക്കാൻ എത്ര വലിയ സമ്മർദമാണ് ഒരു ഘട്ടത്തിൽ എം ടിക്കുമേൽ ഉണ്ടായത്! ആ ജീവനു ഭീഷണി പോലുമുണ്ടായി. എന്നാൽ, എം ടി തരിമ്പും വിട്ടുവീഴ്ച കാട്ടാതെ മതനിരപേക്ഷതയെ തുഞ്ചൻ പറമ്പിന്റെ ജീവനാക്കി നിലനിർത്തി. മതേതര കേരളം എന്നും അതിന് എം ടിയോടു നന്ദിയുള്ളതായിരിക്കും.

സാഹിത്യരചനയിലൂടെ സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടുനയിക്കുന്നതിൽ എന്നും ജാഗ്രത പുലർത്തിയ എഴുത്തുകാരനായിരുന്നു എം ടി. പള്ളിവാളും കാൽച്ചിലമ്പും എന്ന കൃതി ഇത് വ്യക്തമാക്കുന്നു. പിന്നീടത് ചലച്ചിത്രമായി മാറിയപ്പോൾ തനിക്ക് പറയാനുള്ള ഉൽപതിഷ്ണുത്വം നിറഞ്ഞ കാഴ്ചപ്പാടുകൾ സധൈര്യം അദ്ദേഹം അതിലൂടെ മുന്നോട്ടുവെച്ചു. ‘ഇന്നാണെങ്കിൽ നിർമാല്യം പോലെ ഒരു ചിത്രം എടുക്കാൻ എനിക്ക് കഴിഞ്ഞേക്കില്ല’ എന്നൊരിക്കൽ അദ്ദേഹം നടത്തിയ പ്രസ്താവന മാറിവരുന്ന ഇന്ത്യൻ സാഹചര്യങ്ങൾക്കുനേരേ പിടിച്ച കണ്ണാടി കൂടിയായിരുന്നു.

പ്രഗത്ഭനായ ചലച്ചിത്രകാരൻ, മികച്ച പത്രാധിപർ എന്നീ നിലകളിലും അദ്ദേഹം കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തിൽ തനതായ മുദ്ര പതിപ്പിച്ചു.

ഓരോ ഭാഷയിലും നിരവധി സാഹിത്യകാരന്മാരുണ്ടാകാറുണ്ട്. എന്നാൽ, സാഹിത്യപ്രേമികളുടെ ബുക്ക് ഷെൽഫുകളിൽ നിർബ്ബന്ധമായും ഇടം പിടിച്ചിരിക്കേണ്ട, നിർബ്ബന്ധമായും വായിച്ചിരിക്കേണ്ട അപൂർവ്വം പ്രതിഭകളേ ഉണ്ടാകാറുള്ളൂ. ഇംഗ്ലീഷ് സാഹിത്യം ഇഷ്ടപ്പെടുന്നവർ ഷേക്സ്പിയറിനെയും ഫ്രഞ്ച് സാഹിത്യം ഇഷ്ടപ്പെടുന്നവർ വിക്ടർ യൂഗോയെയും വായിക്കുകയും സൂക്ഷിച്ചുവയ്ക്കുകയും ചെയ്യും. മലയാളത്തിന്റെ കാര്യമെടുത്താൽ ആ സ്ഥാനം എം ടിക്കു കൂടി അവകാശപ്പെട്ടതാണ്. മഞ്ഞും അസുരവിത്തും കാലവും രണ്ടാമൂഴവും ഒക്കെ അലങ്കരിക്കാത്ത ബുക്ക് ഷെൽഫുകൾ കേരളത്തിൽ ഇല്ലെന്നുതന്നെ പറയാം. ചങ്ങമ്പുഴയ്ക്കു ശേഷം മലയാളി ഇത്രയേറെ വായിച്ച മറ്റൊരു സാഹിത്യകാരനുണ്ടാകില്ല.

എം ടി ഒരു പാഠപുസ്തകമാണ്. ആ ജീവിതത്തിലെ ഓരോ ഏടും ഓരോ ഇഴയും വേറിട്ടു പരിശോധിക്കുന്നത് സാഹിത്യ പഠിതാക്കൾക്ക് ഉപകാരപ്രദമായ ഒന്നാണ്. എഴുതേണ്ടതെങ്ങനെ, അതിനുള്ള നിലമൊരുക്കേണ്ടതെങ്ങനെ, എഴുത്തിന്റെ സാമൂഹിക കടമയെന്ത് എന്നെല്ലാം ആ ജീവിതത്തിൽ നിന്നും നമുക്കു പഠിച്ചെടുക്കാനാവും. പുതുതലമുറ എഴുത്തുകാർ പഠിക്കേണ്ട ഒന്നാണ് കഥയെഴുത്തിലെ ആ ക്രാഫ്‌റ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കലാസൃഷ്ടികളെ കേരളസമൂഹത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ഉപാധിയായി ഉപയോഗിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. പ്രൊപ്പഗണ്ട സിനിമകൾ യാതൊരു തത്വദീക്ഷയുമില്ലാതെ നുണകൾ പ്രചരിപ്പിക്കുന്നു. കേരളത്തെ ഇകഴ്ത്തിക്കാട്ടുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തന്നെ അത്തരം സിനിമകൾ പ്രചരിപ്പിക്കുന്നു. ഈ ഘട്ടത്തിലാണ് ‘നിർമ്മാല്യ’വും ‘ഓളവും തീരവും’ പോലെയുള്ള സിനിമകളും അവയുടെ ആശയങ്ങളും പ്രാധാന്യമർഹിക്കുന്നത്.

എഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല എം ടി മലയാളത്തിൽ സാന്നിദ്ധ്യമറിയിച്ചിട്ടുള്ളത്. മികച്ച ഒരു വായനക്കാരൻ കൂടിയായിരുന്നു അദ്ദേഹം. ലോകസാഹിത്യത്തിലെ വിഖ്യാതമായ എത്രയോ കൃതികളെ തന്റെ വായനാനുഭവത്തിലൂടെ അദ്ദേഹം മലയാളികൾക്ക് പരിചയപ്പെടുത്തി. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട പുസ്തകങ്ങളാണ് അവയെല്ലാം. എം ടിയുടെ സാംസ്‌കാരിക സംഭാവനകളെ കേരളം എന്നും നന്ദിപൂർവ്വം ഓർക്കുമെന്നും ആ ഓർമ്മകൾക്ക് ആദരമർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അനുസ്മരണ പരിപാടിയുടെ ഭാഗമായി രണ്ടാമൂഴം പുസ്തകം എം ടിയുടെ ഛായാ ചിത്രത്തിന് മുന്നിൽ മുഖ്യമന്ത്രി സമർപ്പിച്ചു. എം ടിയുടെ ചലച്ചിത്ര ജീവിതത്തിലെ അനർഘ നിമിഷങ്ങൾ ഉൾപ്പെടുത്തിയ ഫോട്ടോ പ്രദർശനം മുഖ്യമന്ത്രി സന്ദർശിച്ചു.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സ്വാഗതമാശംസിച്ചു.

ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ. അനിൽ, എ.എ. റഹീം എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കൗൺസിലർ രാഖി രവികുമാർ,  അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡേ എന്നിവർ സംബന്ധിച്ചു.

എൻ.എസ്. മാധവൻ,  ഷാജി എൻ. കരുൺ, കെ.ജയകുമാർ, വി. മധുസൂദനൻ നായർ, ജി.സുരേഷ് കുമാർ, പ്രേംകുമാർ, എം. ജയചന്ദ്രൻ, മേനക സുരേഷ്, ജലജ, മധുപാൽ, വേണു, മുരുകൻ കാട്ടാക്കട, അശോകൻ ചരുവിൽ, ജോസ് പനച്ചിപ്പുറം, ആർ.എസ്. ബാബു, വി.എസ്. രാജേഷ് തുടങ്ങിയവർ എം.ടിയെ അനുസ്മരിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ചടങ്ങിൽ നന്ദി അറിയിച്ചു. തുടർന്ന് എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത നിർമ്മാല്യം  പ്രദർശിപ്പിച്ചു.