പ്രളയാനന്തര പുനർനിർമാണം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിലെ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്സ്‌മെന്റ്) നിർദേശങ്ങൾ മുഖ്യമന്ത്രി ചെയർമാനായ ഉപദേശക സമിതിയോഗം അംഗീകരിച്ചു. റിപ്പോർട്ട് സമഗ്രവും എല്ലാമേഖലകളെയും സ്പർശിക്കുന്നതുമാണെന്ന് സമിതി അംഗങ്ങൾ പൊതുവെ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, മാത്യു. ടി. തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, ടി.കെ.എ. നായർ, ഡോ. കെ.പി. കണ്ണൻ, വി. സുരേഷ്, ഡോ. കെ.എം. അബ്രഹാം, ഡോ.വി. വേണു, എം. ശിവശങ്കർ എന്നിവരും വീഡിയോ കോൺഫറൻസ് വഴി ഡോ.മുരളി തുമ്മാരുകുടിയും യോഗത്തിൽ പങ്കെടുത്തു.

നദീതടസംരക്ഷണത്തിന് കേരള റിവർ ബേസിൻ അതോറിറ്റി വേണമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നു. കുട്ടനാട്ടിലെ ജനങ്ങളുടെ ജീവിതവും കൃഷിയും സംരക്ഷിക്കുന്നതിനെക്കുറിച്ച് ആസൂത്രണ ബോർഡ് പഠനം നടത്തും. ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെയാണ് പഠനം നടത്തുക.

വീടുകളുടെ പുനർനിർമാണത്തിന് പൊതുമാതൃക സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പുനർനിർമാണം നടത്തുമ്പോൾ ദുരന്തം ആവർത്തിക്കാതിരിക്കാനുളള നടപടികൾ താഴെതലം വരെ ഉണ്ടാകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉപദേശക സമിതിയുടെ രണ്ടാമത്തെ യോഗമാണ് ചൊവ്വാഴ്ച ചേർന്നത്. അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ച നിർദേശങ്ങൾ വിശദമായി പഠിച്ച് ശുപാർശ തയ്യാറാക്കാൻ യോഗം തീരുമാനിച്ചു.