ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് പമ്പയിലും സന്നിധാനത്തും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സി.കെ.നാണു എംഎല്‍എ അധ്യക്ഷനായുള്ള നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി  നിര്‍ദേശം നല്‍കി. തീര്‍ഥാടനത്തിനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച തെളിവെടുപ്പിനായി പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. മുമ്പെങ്ങും അഭിമുഖീകരിച്ചിട്ടില്ലാത്ത സവിശേഷമായ സാഹചര്യമാണ് പ്രളയത്തെതുടര്‍ന്ന് പമ്പയിലുണ്ടായിട്ടുള്ളത്. ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍ തകരുകയും അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമാവുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് വിവിധ വകുപ്പുകള്‍ ശ്രദ്ധിക്കണം. കാനന പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ മുതിര്‍ന്ന പൗരന്മാരായ തീര്‍ഥാടകര്‍ക്ക് സഹായം ആവശ്യമായി വന്നാല്‍ വോളണ്ടിയര്‍മാരുടെ സേവനം ദേവസ്വം ബോര്‍ഡ് ലഭ്യമാക്കണം. പ്രകൃതിക്ഷോഭം മൂലം കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായ പമ്പയില്‍ എത്രയും വേഗത്തില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് വളരെ സംതൃപ്തികരമാണെന്ന് സമിതി വിലയിരുത്തി. പമ്പയിലെയും സന്നിധാനത്തെയും ടോയ്‌ലറ്റ് ബ്ലോക്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി യൂറോപ്യന്‍ ക്ലോസറ്റുകള്‍ ഉള്ള ടോയ്‌ലറ്റുകള്‍ റിസര്‍വ് ചെയ്യുമെന്നും കുളിക്കടവുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റാമ്പുകള്‍ സ്ഥാപിക്കുമെന്നും ബന്ധപ്പെട്ടവര്‍ സമിതിയെ അറിയിച്ചു. വടശേരിക്കര, ചിറ്റാര്‍, പെരുനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഇടത്താവളങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ടോയ്‌ലറ്റുകള്‍ റിസര്‍വ് ചെയ്തിട്ടുണ്ടെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മല കയറുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകുന്ന മുതിര്‍ന്ന പൗരന്മാരായ തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ ഡോളി സേവനം ലഭ്യമാക്കുന്നതിന് ബന്ധപ്പെടാവുന്ന നമ്പരുകള്‍ പമ്പയിലെത്തുമ്പോള്‍ തന്നെ ലഭ്യമാക്കണമെന്ന് സമിതി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസിയുടെ റിസര്‍വേഷന്‍ ഇല്ലാത്ത ബസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി 20 ശതമാനം സീറ്റുകള്‍ റിസര്‍വ് ചെയ്തിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഇലവുങ്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ്‌സോണിലൂടെ ആവശ്യമുള്ള പക്ഷം തീര്‍ഥാടന പാതകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതേ്യക സേവനം ലഭ്യമാക്കുമെന്ന് ആര്‍ടിഒ അറിയിച്ചു. പമ്പ-സന്നിധാനം പാതയില്‍ ചൂടുവെള്ളവും സാധാരണവെള്ളവും തണുത്തവെള്ളവും ഒരേ കിയോസ്‌കിലൂടെ ലഭിക്കുന്ന 12 കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
സമിതി അംഗങ്ങളായ കെ.കുഞ്ഞിരാമന്‍, പ്രൊഫ.കെ.യു.അരുണന്‍, അബ്ദുള്‍ ഹമീദ്, തിരുവല്ല സബ്കളക്ടര്‍ വിനയ് ഗോയല്‍, നിയമസഭ ജോയിന്റ് സെക്രട്ടറി സജീവന്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു