കേരള സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാര ജേതാവും ചെറുപ്രായത്തിലേ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി പുസ്തങ്ങളും എഴുതി ശ്രദ്ധേയയുമായ കാസർഗോഡുകാരി സിനാഷ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ രചനാ മത്സരങ്ങളിലും നേട്ടം കൊയ്യുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യമായാണ് കാസർഗോഡ് കാഞ്ഞങ്ങോട്
ബല്ല ഈസ്റ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ സിനാഷ മത്സരിക്കുന്നത്. ഇന്നലെ നടന്ന മലയാളം കഥാരചന, കവിതാരചന മത്സരങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. രചനാ മത്സരങ്ങൾ നടക്കുന്ന കടലുണ്ടിപ്പുഴ വേദിയിൽ ഇന്ന് ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് കഥാരചന വിഭാഗത്തിലും മത്സരിച്ചിട്ടുണ്ട്. കലോത്സവ വേദിയിൽ ആദ്യമായിട്ടാണെങ്കില്ലും ചെറുപ്രായത്തിൽ തന്നെ നിരവധി പുസ്തകങ്ങൾ രചിക്കുകയും, പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുമുണ്ട് സിനാഷ.
ഇംഗ്ലീഷിൽ ദി മിസ്റ്റീരിയസ് ഫോറസ്റ്റ്, സോങ് ഓഫ് ദി റിവർ, എ ഗേൾ ആൻഡ് ദി ടൈഗേഴ്സ് എന്നിവയാണ് സിനാഷയുടെ കൃതികൾ. പൂവണിയുന്ന ഇലച്ചാർത്തുകൾ,കടലിൻ്റെ രഹസ്യം, ഒരു തളിരിലയും ഒരു തുള്ളി നിലാവും,
ചെമ്പനീർപ്പൂക്കൾ, കാടും കനവും, പച്ച നിറമുള്ളവൾ എന്നിവയാണ് മലയാളത്തിൽ എഴുതിയ പ്രധാന കൃതികൾ.
2020ൽ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ സിനാഷ കോമൺ വെൽത്ത് സൊസൈറ്റി പുരസ്കാരം 2021,എൻ എൻ കക്കാട് പുരസ്കാരം ,മാധ്യമ കഥ പുരസ്കാരം, മഹാകവി ഉള്ളൂർ സ്മാരക കവിത പുരസ്കാരം 2022 എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.
ചെറുപ്പത്തിലെ തന്നെ എഴുത്തിനോടുള്ള ഇഷ്ടവും,അഭിരുചിയുമാണ് തന്നെ കലോത്സവ വേദിയിൽ എത്തിച്ചതെന്നും മാതാപിതാക്കൾ തന്നെയാണ് തൻ്റെ ഏറ്റവും വലിയ പ്രചോദനം എന്നും സിനാഷ പറയുന്നു.
![](https://prdlive.kerala.gov.in/wp-content/uploads/2025/01/WhatsApp-Image-2025-01-06-at-2.31.33-PM-1-534x416.jpeg)