ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യവകുപ്പും അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസും സംഘടിപ്പിച്ച ലോക പ്രമേഹ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവിതശൈലീ രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കണമെങ്കില്‍ വ്യായാമം നിര്‍ബന്ധമാക്കണം. ഇതിനൊപ്പം ഭക്ഷണത്തിലും ക്രമീകരണം വരുത്തണം. അമ്പത്തിരണ്ട് ശതമാനം ആളുകളും ഇപ്പോള്‍ ജീവിതശൈലീ രോഗങ്ങള്‍മൂലമാണ് മരിക്കുന്നത്. പ്രമേഹ നിയന്ത്രണത്തിന് സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. പ്രമേഹം കുറച്ചില്ലെങ്കില്‍ അത് മാനവരാശിയെത്തന്നെ ഗുരുതരമായി ബാധിക്കും.
പ്രമേഹം പോലെ പകര്‍ച്ചവ്യാധിയും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പരിസര ശുചീകരണത്തിന്റെ ഭാഗമായി ഇപ്പോള്‍ നടത്തുന്ന ക്യാമ്പെയ്‌നുകള്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അധ്യക്ഷത വഹിച്ചു. ആസ്ട്ര സൈനിക കണ്‍ട്രി പ്രസിഡന്റ് ഗംഗന്‍ സിംഗ്, അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് എച്ച്.ഒ.ഡി ഡോ. വി. രാമന്‍കുട്ടി, ആരോഗ്യ വകുപ്പ് റിട്ട.അഡീഷണല്‍ ഡയറക്ടര്‍ ഡോ. എ.എസ്. പ്രദീപ് കുമാര്‍, എന്‍.ഡി.സി ആരോഗ്യവകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത സ്വാഗതം പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയെ 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.