* കന്നുകാലികള്‍ക്കും കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും – മന്ത്രി കെ. രാജു
ക്ഷീരകര്‍ഷകനും കന്നുകാലിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ‘ഗോരക്ഷാ പ്ലസ്’ പദ്ധതിക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി.
കന്നുകാലികള്‍ക്ക് മാത്രമല്ല, കര്‍ഷകര്‍ക്കുകൂടി ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് ‘ഗോരക്ഷ പ്ലസ്’ എന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു.
ഇന്‍ഷുറന്‍സ് ചെയ്യാത്തതിനാലാല്‍ പല കര്‍ഷകര്‍ക്കും പ്രളയകാലത്ത് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. അതിനുമാറ്റം വരുത്തി എല്ലാ കന്നുകാലികളെയും ഇന്‍ഷുര്‍ ചെയ്യാനാണ് പുതിയ പദ്ധതി വരുന്നത്. പരമാവധി കര്‍ഷകരെ പദ്ധതി അംഗമാക്കാന്‍ ഉദ്യോഗസ്ഥരും പ്രൊമോട്ടര്‍മാരും ശ്രദ്ധിക്കണം.

സംസ്ഥാനത്ത് ലഭ്യമായതില്‍ വച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്‍ഷ്വര്‍ ചെയ്യാനാകുന്ന പദ്ധതിയാണ് ഗോരക്ഷാ പ്ലസ്. 50,000 രൂപ മതിപ്പുവിലയ്ക്ക് ഉരുവിനും, രണ്ട് ലക്ഷം രൂപയ്ക്ക് കര്‍ഷകനും പരിരക്ഷ നല്‍കുന്ന ഈ പദ്ധതിയില്‍, ജനറല്‍ വിഭാഗത്തിന് അമ്പത് ശതമാനവും എസ്.സി/എസ്.റ്റി വിഭാഗത്തിന് എഴുപത് ശതമാനവും സബ്സിഡിയും നല്‍കും. ഒരു വര്‍ഷത്തേക്കും മൂന്നു വര്‍ഷത്തേക്കും ഇന്‍ഷ്വറന്‍സ് എടുക്കാം.
പ്രളയബാധിത കര്‍ഷകരെ സഹായിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ദുരന്തനിവാരണ ഫണ്ടും സംസ്ഥാന ഫണ്ടും ചേര്‍ത്ത് ഒരു പശു ചത്താല്‍ 30,000 രൂപ കര്‍ഷകര്‍ക്ക് നല്‍കാനാണ് തീരുമാനം. അതിനുള്ള ഫണ്ട് കണ്ടെത്തിയിട്ടുണ്ട്. പ്രളയകാലത്ത് 200 കോടി രൂപയുടെ നഷ്ടമാണ് മൃഗസംരക്ഷണ, ക്ഷീരമേഖലയ്ക്ക് ഉണ്ടായത്. ആറായിരത്തില്‍ അധികം പശുക്കളാണ് പ്രളയത്തില്‍ ചത്തത്.
പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ വന്നശേഷം ഏറെ മുന്നോട്ടുപോയി. നമുക്ക് ആവശ്യമായ പാലിന്റെ 60 ശതമാനം ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് 83 ശതമാനമായി വര്‍ധിപ്പിക്കാനായി. പ്രളയം വന്നില്ലായിരുന്നെങ്കില്‍ ഡിസംബേറാടെ ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത നേടാനായേനെ.
കേന്ദ്രത്തിന് സമര്‍പ്പിച്ച പ്രോജക്ട് അംഗീകരിച്ചതിന്റെ ഭാഗമായി 44 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതില്‍ 34 കോടി കേന്ദ്രത്തില്‍നിന്ന് ലഭിക്കും. ബാക്കി സംസ്ഥാനം മുതല്‍മുടക്കും.
വെള്ളപ്പൊക്ക സാധ്യത മേഖലകളില്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ കന്നുകാലികളെ സൂക്ഷിക്കാന്‍ എലിവേറ്റഡ് കാറ്റില്‍ ഷെഡുകള്‍ ഒരുക്കും. പൊതുവായി പഞ്ചായത്തുകളിലും ബ്‌ളോക്കുകളിലും മറ്റും ഇത്തരം സൗകര്യം ഒരുക്കും. പ്രളയകാലത്ത് 1139 കന്നുകാലി ക്യാമ്പുകളാണ് വകുപ്പ് ഏഴു ജില്ലകളിലായി ഒരുക്കിയതെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ധാരണാപത്രം യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.കെ. ഹരിദാസന്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. പി.ജി. വല്‍സലയ്ക്ക് കൈമാറി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി. സുനില്‍കുമാര്‍, മില്‍കോ ഡയറി പ്രസിഡന്റ് പഞ്ചമം സുരേഷ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചടങ്ങിനുമുന്നോടിയായി ‘കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കായി സെമിനാറും സംഘടിപ്പിച്ചു.