ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് നിലയ്ക്കലില്‍ പ്രതിദിനം 65.75 ലക്ഷം ലിറ്റര്‍ ജലം വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ വാട്ടര്‍ അതോറിറ്റി പൂര്‍ത്തിയാക്കിയതായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ നിലയ്ക്കലിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രളയത്തെത്തുടര്‍ന്ന് പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ താറുമാറായതിനാല്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പായി നിലനിര്‍ത്തിയാണ് ഇത്തവണ ശബരിമല തീര്‍ഥാടനം നടക്കുന്നത്. ഈ സാഹചര്യത്തില്‍ പമ്പയിലുണ്ടായിരുന്ന അത്രയും ജലവിതരണ സംവിധാനങ്ങള്‍ നിലയ്ക്കലില്‍ ഒരുക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ജലവിഭവ വകുപ്പ് ഏറ്റെടുത്തത്. അഞ്ച് ലക്ഷം ലിറ്റര്‍ ശേഷിയുള്ള രണ്ട് ടാങ്കുകളുടെ നിര്‍മാണം പൂര്‍ത്തിയായി. മൂന്നാമത്തെ ടാങ്കിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. ഇതിന് പുറമേ 5000 ലിറ്ററിന്റെ 215 സിന്‍ടക്‌സ് ടാങ്കുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. സീതത്തോട്ടില്‍ നിന്നും പമ്പയില്‍ നിന്നും ടാങ്കറുകളിലായിരിക്കും ജലം നിലയ്ക്കലിലെത്തിക്കുക. കുടിവെള്ള വിതരണത്തിന്റെ കാര്യത്തില്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും സര്‍ക്കാരും വാട്ടര്‍ അതോറിറ്റിയും അനുവദിക്കില്ല. കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള കൃത്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കലില്‍ സ്ഥാപിക്കുന്നതിനായി 300 കിയോസ്‌കുകള്‍ എത്തി. ഇതില്‍ ദേവസ്വംബോര്‍ഡ് ചൂണ്ടിക്കാണിച്ച സ്ഥലങ്ങളില്‍ 170 കിയോസ്‌കുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. മറ്റുള്ളവ തീര്‍ഥാടകരുടെ വരവിനനുസരിച്ച് ദേവസ്വം ബോര്‍ഡിന്റെ ആവശ്യപ്രകാരം സ്ഥാപിക്കും. ആയിരത്തോളം ടാപ്പുകളാണ് സജ്ജമാക്കുന്നത്. 27 ആര്‍ഒ പ്ലാന്റുകളാണ് നിലയ്ക്കലില്‍ സജ്ജമാക്കുന്നത്. ഇതില്‍ 25 എണ്ണം ടാറ്റ പ്രോജക്ട്‌സ് സ്ഥാപിക്കുന്നതും രണ്ടെണ്ണം വാട്ടര്‍ അതോറിറ്റിയുടേതുമാണ്. പമ്പയിലെയും സന്നിധാനത്തെയും കുടിവെള്ള വിതരണത്തിനായി ഒരു മണിക്കൂറില്‍ 33000 ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ കഴിയുന്ന ആര്‍ഒ പ്ലാന്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ടോയ്‌ലറ്റുകളിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള ജലവിതരണത്തിനുള്ള സംവിധാനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.  പമ്പ മണല്‍പ്പുറം ഒഴികെയുള്ള സ്ഥലങ്ങളിലെ വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പമ്പയിലെ പ്രവര്‍ത്തനങ്ങള്‍ നാളെയോടെ പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
വാട്ടര്‍ അതോറിറ്റി എം.ഡി എ കൗശികന്‍, ചീഫ് എന്‍ജിനീയര്‍ ശ്രീകുമാര്‍, ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ ജോഷി, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാരായ ഫിലിപ്പ് മത്തായി, മധു, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മനു തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.