പ്രളയത്തില്‍ പമ്പയിലെ സ്‌നാനഘട്ടം പൂര്‍ണമായും നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇത് പുനസ്ഥാപിക്കുന്നതിന് നിലവില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുപരിയായി രണ്ട് മീറ്റര്‍ ഉയരത്തില്‍  ആറാട്ടുകടവിന് സമീപം തടയണ നിര്‍മിക്കുമെന്ന് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ജലവിഭവ വകുപ്പിന്റെയും വാട്ടര്‍ അതോറിറ്റിയുടെയും പമ്പയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മതിയായ നിരപ്പില്‍ ജലം ഒഴുകാത്ത സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക് സ്‌നാനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടും. പുതിയ തടയണ നിര്‍മിക്കുന്നതോടെ ത്രിവേണി വരെ ഒരേ നിരപ്പില്‍ ജലം ലഭ്യമാകും. ഇതിന്റെ നിര്‍മാണം രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി. പമ്പയില്‍ വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ മണല്‍പ്പുറത്തെ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണം മണല്‍പ്പുറം നിരപ്പാക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാത്തതാണ്. ഇത് പൂര്‍ത്തിയായാലുടന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. പമ്പയിലും ത്രിവേണിയിലുമുള്ള ആര്‍ഒ പ്ലാന്റുകളിലൂടെ ഒരു മണിക്കൂറില്‍ 10000 ലിറ്റര്‍ ജലം ശുദ്ധീകരിക്കുവാന്‍ കഴിയും. പമ്പയില്‍ വാട്ടര്‍ അതോറിറ്റി ജലം എടുക്കുന്ന സ്ഥലത്ത് മണ്ണ് അടിയുന്നതുമൂലം പമ്പിംഗിന് തടസം നേരിടാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇവിടെ ഒരു ഹിറ്റാച്ചി മണ്ണ് നീക്കം ചെയ്യുന്നതിനായി മുഴുവന്‍ സമയവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീര്‍ഥാടന കാലത്ത് മുഴുവന്‍ സമയവും ഇതിന്റെ പ്രവര്‍ത്തനം പമ്പയില്‍ ഉറപ്പാക്കും. പമ്പയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം എല്ലാ ദിവസവും പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ഡകാലം അവസാനിക്കുന്നതിന് മുമ്പ് നിലയ്ക്കലിലും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലാബ് സജ്ജമാക്കുന്നതിനുള്ള നടപടികളാണ് നടന്നുവരുന്നത്. പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയില്‍ ജലവിതരണത്തിനുള്ള കിയോസ്‌കുകളും മറ്റ് സംവിധാനങ്ങളും പൂര്‍ണസജ്ജമായതായും മന്ത്രി അറിയിച്ചു.