ആധുനികമതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ അസ്ഥിവാരമിടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു. പാലക്കാട് ജില്ലാ ലൈബ്രറി ഹാളില്‍ നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നെഹ്റു യുവകേന്ദ്ര സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷയായി. ഇന്ത്യന്‍ ഭരണഘടനയിലെ 51 (എ)യില്‍ ശാസ്ത്രബോധം വളര്‍ത്തുക എന്നത് ഓരോ പൗരന്റെയും മൗലികമായ കടമയായി എഴുതി ചേര്‍ത്തതില്‍ നെഹ്റുവിന് വലിയ പങ്കാണുള്ളത്. ശാസ്ത്രവിരുദ്ധമായ പ്രചാരണത്തിന് മേല്‍ക്കൈ ഉണ്ടാകുന്നതിന് പുറമെ നാം പിന്നിലേക്ക് നടക്കുന്നതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ വിലയിരുത്തി നമ്മെ പരിഹസിക്കുന്ന ഒരു സ്ഥിതിവിശേഷം ഇപ്പോഴുണ്ട്. നാം വലിയ സാമ്പത്തിക ശക്തിയാണെന്ന് അവകാശപ്പെടുന്ന ഒരു സാഹചര്യത്തിലാണ് അത്തരം ഒരു സ്ഥിതിവിശേഷമുണ്ടാകുന്നത്. നെഹ്റു ശാസ്ത്രബോധത്തെയും സ്വതന്ത്രചിന്തയേയും ഉയര്‍ത്തി പിടിച്ച വ്യക്തിയാണ്. അദ്ദേഹം ചരിത്രത്തില്‍ നിന്ന് തമസ്‌കരിക്കപ്പെടേണ്ട ഒരാളല്ല. ആരെങ്കിലും അതിന് ശ്രമിച്ചാല്‍ പോലും അദ്ദേഹത്തിന്റെ ഉയരം കുറയില്ല. ശുദ്ധാ-അശുദ്ധിയുമായി ബന്ധപ്പെട്ട് തികച്ചും ശാസ്ത്രവിരുദ്ധമായ ചിന്താഗതികള്‍ തുടരുന്ന ഇക്കാലത്ത് നെഹ്റുവിന്റെ ആശയങ്ങള്‍ തികച്ചും പ്രസക്തമാകുന്നതായും അദ്ദേഹം പറഞ്ഞു.
![](http://prdlive.kerala.gov.in/wp-content/uploads/2018/11/PRD-14-11-2018-1-1024x562.jpg)
നെഹ്റു യുവകേന്ദ്ര യുടെ മികച്ച യുവജന സംഘടനയ്ക്കുള്ള യൂത്ത് ക്ലബ് അവാര്‍ഡ് കടമ്പഴിപ്പുറം മഹാത്മാദേശീയ വായനശാലയ്ക്ക് ജില്ല കലക്ടര്‍ ഡി. ബാലമുരളി വിതരണം ചെയ്തു. കലാ കായിക സാംസ്‌കാരിക പരിപാടികള്‍ക്കു പുറമേ ആരോഗ്യ കുടുംബക്ഷേമം, പരിസ്ഥിതി, ശുചിത്വ പരിപാടികള്‍, തൊഴില്‍ പരിശീലനം, പൊതുമുതല്‍ സംരക്ഷണം, എന്നീ മേഖലകളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആര്‍.അജയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍, എന്‍.വൈ.കെ ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് യൂത്ത് പ്രോഗ്രാം ഓഫീസര്‍ എം.എസ് ശങ്കര്‍, നെന്മാറ എന്‍.എസ്.എസ്.കോളെജ് ചരിത്ര വിഭാഗം മേധാവി കെ.എ തുളസി, ഗവ. വിക്ടോറിയ കോളെജ് അസി. പ്രൊഫസര്‍ പി.കെ. അനീസുദ്ദീന്‍, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം. സ്മിതി എന്നിവര്‍ ക്ലാസ്സെടുത്തു.