ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി  ഫെബ്രുവരി 12 വരെ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുഷ്ഠരോഗ നിര്‍ണയ ഭവനസന്ദര്‍ശന ക്യാമ്പയിന്‍ അശ്വമേധം 6.0 ക്ക് ജില്ലയില്‍ തുടക്കമായി. മാനന്തവാടി ഗ്രീന്‍സ് റെസിഡന്‍സിയില്‍ നടന്ന ജില്ലാതല ഉദ്ഘാടനം മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി നിര്‍വ്വഹിച്ചു. മാനന്തവാടി നഗരസഭാ ആരോഗ്യ സ്ഥിര സമിതി അദ്ധ്യക്ഷ ഫാത്തിമ ടീച്ചര്‍ അദ്ധ്യക്ഷയായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജസ്റ്റിന്‍ ബോബി ക്യാമ്പയിന്‍ ഫ്‌ളാഷ് കാര്‍ഡ്  പ്രകാശനം ചെയ്തു.

ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. ദീപ. കെ ആര്‍  വിഷയാവതരണം നടത്തി. നഗരസഭാ ഡിവിഷന്‍ കൗണ്‍സിലര്‍ സി.ഒ ജോര്‍ജ്ജ്, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി,ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍മാരായ  കെ എം മുസ്തഫ, വിന്‍സെന്റ് സിറിള്‍, ബയോളജിസ്റ്റ് കെ.ബിന്ദു, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ കെ കെ അഷ്‌റഫ്, മനോജ് കുമാര്‍ സി കുറുക്കന്‍മൂല കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജേഷ് എന്നിവര്‍ സംസാരിച്ചു. സമൂഹത്തില്‍ ഒളിഞ്ഞു കിടക്കുന്ന കുഷ്ഠരോഗത്തെ കണ്ടെത്തുകയും ശരിയായ ചികിത്സ ലഭ്യമാക്കി പൂര്‍ണ്ണമായി ഭേദമാക്കി ജില്ലയെ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനത്തിലേക്ക് നയിക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം.

രോഗപ്രതിരോധം, ലക്ഷണങ്ങള്‍, നേരത്തെ കണ്ടെത്തി ചികിത്സിക്കാതിരുന്നാലുള്ള പ്രത്യാഘാതങ്ങള്‍, ശരിയായ ചികിത്സ എന്നിവയെ കുറിച്ച് സാമൂഹ്യ ബോധവല്‍ക്കരണം നല്‍കുന്നതിനും രോഗം ബാധിച്ചവരെ ഒറ്റപ്പെടുത്തുന്ന പ്രവണത പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു.

1844 ആശ പ്രവര്‍ത്തകരും പ്രത്യേക പരിശീലനം ലഭിച്ച വളണ്ടിയര്‍മാരും ജില്ലയിലെ 229492 വീടുകളില്‍ സന്ദര്‍ശനം നടത്തുകയും വീട്ടിലെ എല്ലാ അംഗങ്ങളെയും കുഷ്ഠരോഗ സാധ്യതയുള്ള ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യും. ക്യാമ്പയിനിന്റെ കാര്യക്ഷമമായ നടത്തിപ്പിനുവേണ്ടി ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും  പ്രത്യേക ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും  ഏകോപിത പ്രവര്‍ത്തനങ്ങളിലൂടെ വൈവിധ്യമാര്‍ന്ന ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ആശ പ്രവര്‍ത്തകരും വളണ്ടിയര്‍മാരും വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അവരോട് സഹകരിക്കണമെന്നും കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ  പങ്കാളിത്തം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി. ദിനീഷ് അഭ്യര്‍ത്ഥിച്ചു.

തൊലിപ്പുറത്ത് കാണുന്ന നിറം മങ്ങിയതോ ചുവന്നതോ ആയ സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍, തടിപ്പുകള്‍,തടിച്ചതും തിളക്കമുള്ളതുമായ ചര്‍മ്മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളില്‍ മരവിപ്പ്, കണ്ണടക്കുന്നതിനുള്ള പ്രയാസം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്കും മരണത്തിനും കുഷ്ഠരോഗം കാരണമാകും.

ദീര്‍ഘകാലത്തെ അടുത്ത സഹവാസത്തിലൂടെ മാത്രമേ കുഷ്ഠരോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേ ക്ക് പകരുകയുള്ളൂ. കുഷ്ഠരോഗമുള്ളവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്ന പ്രവണത പൂര്‍ണ്ണമായും ഒഴിവാക്കുകയും അവരെ ശരിയായ ചികിത്സയിലേക്ക് കൊണ്ടുവരാന്‍ സാമൂഹ്യ പിന്തുണ നല്‍കുകയും ചെയ്യണം. ചികിത്സയിലൂടെ പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് കുഷ്ഠ രോഗം. കുഷ്ഠരോഗത്തിനുള്ള ചികിത്സ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കുന്നതാണ്. വയനാട് ജില്ലയില്‍ നിലവില്‍ 9 കുഷ്ഠരോഗികളാണ് ഉള്ളത്. അവര്‍ ചികിത്സ പൂര്‍ത്തിയാക്കിവരുന്നു.