സംസ്ഥാന സർക്കാറിന്റെ 2021 ലെ സ്വാതി സംഗീത പുരസ്‌കാരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ പ്രൊഫ. പി. ആർ. കുമാര കേരള വർമ്മയ്ക്ക് സമ്മാനിച്ചു. രണ്ട് ലക്ഷം രൂപയും സർട്ടിഫിക്കറ്റും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. 2021 ലെ എസ്.എൽ. പുരം സദാനന്ദൻ നാടക പുരസ്‌കാരം കെ.പി.എ.സി ലീലയും 2022 ലെ പുരസ്‌കാരം വേട്ടക്കുളം ശിവാനന്ദനും മന്ത്രിയിൽ നിന്നും സ്വീകരിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
കർണ്ണാടക സംഗീതത്തിന്റെ വിവിധ മേഖലകളിൽ നിസ്തുലമായ സംഭാവനകൾ നൽകിയ സർവ്വതലസ്പർശിയായ കലാകാരനാണ് പ്രൊഫ. പി. ആർ. കുമാര കേരള വർമ്മ. മലയാള നാടകവേദിയിലെ വൈവിധ്യപൂർണ്ണമായ സ്ത്രീകഥാപാത്രങ്ങൾക്ക് ജീവനേകിയ പ്രതിഭയാണ് കെ പി എ സി ലീല. ഏഴു പതിറ്റാണ്ടുകളായി നാടകരംഗത്തെ ഹൃദയത്തിലേറ്റിയ വ്യക്തിത്വമാണ് വേട്ടക്കുളം ശിവാനന്ദൻ. സാംസ്‌കാരിക കേരളത്തിന്റെ അഭിമാനമായ മൂന്നു പ്രതിഭകളെയും അഭിനന്ദിക്കുന്നു. സാംസ്‌കാരിക വകുപ്പിന്റെ അതിവിശിഷ്ട പുരസ്‌കാരങ്ങൾ കലയുടെ അഭിമാനപ്രതിഭകൾക്ക് നൽകുന്നതിൽ ആത്മാർത്ഥമായ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാർ സാംസ്‌കാരിക മേഖലയിൽ ഒട്ടനവധി മികച്ച പദ്ധതികൾ ആവിഷ്‌കരിക്കുകയാണ്. സാംസ്‌കാരിക പ്രതിഭകളുടെ കലാപരിപാടികൾ ചിത്രീകരിച്ചു ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്ന രാജ്യത്തെ തന്നെ ആദ്യ പദ്ധതി ഡിജിറ്റൽ സർവകലാശാലയുമായി സഹകരിച്ച് നടപ്പിലാക്കിവരികയാണ്. ഇതിനകം പതിനായിരത്തോളം വിവിധ മേഖലയിലെ കലാകാരന്മാരുടെ പരിപാടികൾ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാംസ്‌കാരിക കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ സ്വാഗതം ആശംസിച്ചു. കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ പി. ആർ പുഷ്പവതി, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ എന്നിവർ ആദരപത്ര പാരായണം നടത്തി. പുരസ്‌കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി. കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി നന്ദി പറഞ്ഞു.