ശബരിമല പ്രശ്‌നത്തിൽ സർക്കാരിന് മുൻവിധിയോ എങ്ങനെയെങ്കിലും യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന വാശിയോ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ശബരിമല വിഷയം ചർച്ച ചെയ്യാൻ ചേർന്ന സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുപ്രീംകോടതി വിധി നടപ്പിലാക്കുന്ന ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒരു തരത്തിലും മാറിനിൽക്കാനാവില്ല. ഭക്തർക്ക് സമാധാനപരമായി ദർശനം നടത്താനുളള സാഹചര്യം ഒരുക്കാനാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്. മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലം സമാധാനപരമായിരിക്കണം. ഒരു കാരണവശാലും സംഘർഷമുണ്ടാകരുത്. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹായം ഉണ്ടാകണം. ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലിയിൽ എത്തുന്നത്. അവർക്ക് അവമതിപ്പ് ഉണ്ടാക്കുന്ന സാഹചര്യം തീർത്തും ഒഴിവാക്കണം. അത് നാടിന്റെ താല്പര്യമാണ്.

പ്രളയദുരന്തം നാം ഒറ്റക്കെട്ടായി നേരിട്ടു. ഈ യോജിപ്പ് ദേശീയ-അന്തർദേശീയ തലത്തിൽ തന്നെ പ്രശംസിക്കപ്പെട്ടു. പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കാനുളള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ഇക്കാര്യത്തിലും നാം യോജിപ്പോടെ നീങ്ങണം.

സുപ്രീംകോടതി അനുവദിച്ചതുകൊണ്ട് ധാരാളം സ്ത്രീകൾ ശബരിമലയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ ആരെങ്കിലും വന്നാൽ അവർക്കുളള സൗകര്യം നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്. അതുകൊണ്ടാണ് സപ്തംബർ 28-ന് സുപ്രീംകോടതി വിധി വന്നപ്പോൾ സ്ത്രീകൾക്കാവശ്യമായ സൗകര്യം ഒരുക്കാൻ സർക്കാർ നടപടിയെടുത്തത്. സർക്കാരിന് മുൻവിധിയുണ്ടായിരുന്നെങ്കിൽ സപ്തംബർ 28-ന് മുമ്പ് പ്രത്യേക നിലപാട് എടുക്കാമായിരുന്നു. യുവതികളെ വിലക്കുന്ന ഹൈക്കോടതി വിധി 1991-ൽ വന്ന ശേഷം ഒരുഘട്ടത്തിലും അതിനെതിരായ നിലപാട് എൽ.ഡി.എഫ് സർക്കാർ എടുത്തിട്ടില്ല. 1991-ലും 2006-ലും അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാരുകളും ഇപ്പോഴത്തെ സർക്കാരും ആ വിധി നടപ്പാക്കുകയാണ് ചെയ്തത്.

എങ്ങനെയെങ്കിലും യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന് എൽ.ഡി.എഫിന് വാശിയുണ്ടായിരുന്നുവെന്ന് ആർക്കും പറയാൻ കഴിയില്ല. നാലു സ്ത്രീകളെ കിട്ടാത്ത മുന്നണിയാണോ എൽ.ഡി.എഫ്? സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോകാൻ എൽ.ഡി.എഫോ സർക്കാരോ ഒന്നും ചെയ്തിട്ടില്ല. എന്നാൽ, വിശ്വാസത്തിന്റെ ഭാഗമായി പോകുന്നവർക്ക് സംരംക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. സുപ്രീംകോടതി വിധി അംഗീകരിക്കുന്നത് അവിവേകവും വിധി ലംഘിക്കുന്നത് വിവേകവുമാകുന്നത് എങ്ങനെ? കോടതി വിധി നടപ്പാക്കില്ല എന്ന നിലപാട് ഏതെങ്കിലും സർക്കാരിന് എടുക്കാൻ കഴിയുമോ? റിവ്യൂ ഹരജി പരിഗണിച്ച് നിലവിലുളള വിധിയിൽ സുപ്രീംകോടതി തിരുത്തൽ വരുത്തിയാൽ സർക്കാർ അതിന്റെ കൂടെ നിൽക്കും.

റിവ്യൂ ഹരജികൾ തുറന്ന കോടതിയിൽ കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു എന്നതുകൊണ്ട് നിലവിലുളള സാഹചര്യത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. സപ്തംബർ 28-ന്റെ വിധിക്ക് സ്റ്റേ ഇല്ല എന്ന് സുപ്രീം കോടതി വിധിയിൽ എടുത്തുപറഞ്ഞതുകൊണ്ട് ഇത് വ്യക്തമാണ്. റിവ്യൂ ഹരജി തുറന്ന കോടതിയിൽ കേൾക്കുന്നു എന്നതുകൊണ്ട് നിലവിലുളള വിധി നിലനിൽക്കില്ല എന്ന വാദം തെറ്റാണ്. സാധാരണഗതിയിൽ റിവ്യൂ ഹരജികൾ ഇന്ന ദിവസം കേൾക്കും എന്നു മാത്രം പറഞ്ഞാൽ മതിയായിരുന്നു. ഏതെങ്കിലും തരത്തിൽ അവ്യക്തതയോ ആശയക്കുഴപ്പമോ ഉണ്ടാകരുത് എന്നതുകൊണ്ടാണ് സ്റ്റേ അനുവദിക്കുന്നില്ല എന്ന് വ്യക്തമാക്കിയത്. കേസ് വേഗം പരിഗണിക്കണമെന്ന ഹരജി വന്നപ്പോഴും സുപ്രീംകോടതി ഇതേ നിലപാടാണ് എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീംകോടതിവിധി നടപ്പാക്കുകയല്ലാതെ സർക്കാരിനു മുമ്പിൽ വേറെ വഴികളില്ല. പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുളള സ്ത്രീകൾക്ക് ശബരിമല സന്ദർശിക്കാൻ സുപ്രീംകോടതി വിധി പ്രകാരം അവകാശമുണ്ട്. അതിന് ക്രമീകരണമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ദേവസ്വംബോർഡുമായി ആലോചിച്ച് ഇക്കാര്യങ്ങൾ ചെയ്യും. ഇക്കാര്യത്തിൽ എല്ലാവരും സഹകരിക്കണം. വിധി നടപ്പാക്കുന്നത് ജനുവരി 22 വരെ നിർത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല. അങ്ങനെ ചെയ്താൽ സുപ്രീംകോടതിയുടെ മുന്നിൽ സർക്കാർ കുറ്റക്കാരാകും.

തീർത്ഥാടനത്തിന്റെ പേരിൽ ശബരിമലയിൽ എത്തിയ ചിലർ സമാധാനം തകർക്കാനും ഭക്തരെ തടയാനുമാണ് ശ്രമിച്ചതെന്ന് തുലാമാസ പൂജാവേളയിലും ചിത്തിര ആട്ടവിശേഷ പൂജാദിവസവും വ്യക്തമായി. അമ്പത് കഴിഞ്ഞവരെ പോലും തടഞ്ഞു. പ്രക്ഷോഭത്തിന്റെ പേരിൽ ശബരിമലയിൽ എത്തിയ പലരും ആചാരം ലംഘിക്കുന്ന സ്ഥിതിയുണ്ടായി. ഒരു ഭാഗത്ത് കോടതിവിധി നടപ്പാക്കുന്നത് തടയുക. മറുവശത്ത് സംഘർഷമുണ്ടാക്കുക – ഇത്തരമൊരു പ്രവർത്തനപദ്ധതിയാണ് ചിലർ നടപ്പാക്കാൻ ശ്രമിച്ചത്. രക്തവും മൂത്രവും വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാനുളള പരിപാടിയുണ്ടായിരുന്നു എന്നതും പുറത്തുവന്നു. സന്നിധാനത്ത് കലാപമുണ്ടാക്കാനുളള നീക്കമാണ് നടന്നത്. സംയമനം പാലിച്ചുകൊണ്ട് കുഴപ്പങ്ങൾ ഒഴിവാക്കാനുളള ശ്രമമാണ് പോലീസ് നടത്തിയത്. ശബരിമലയിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും അക്രമങ്ങൾ നടന്നു. ഒരുപാട് നുണക്കഥകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. അയ്യപ്പഭക്തരെ പോലീസ് ആക്രമിക്കുന്നു എന്ന് വരുത്താൻ ഒരു ഭക്തന്റെ നെഞ്ചിൽ പോലീസ് ചവിട്ടുന്ന ദൃശ്യം വ്യാജമായി സൃഷ്ടിച്ച് പ്രചരിപ്പിച്ചു.

പ്രക്ഷോഭത്തിന്റെ പേരിൽ സർക്കാർ ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല. നാമജപത്തിന്റെ പേരിലും കേസെടുത്തിട്ടില്ല. അക്രമം നടത്തിയവർക്കെതിരെ വീഡിയോ ചിത്രങ്ങൾ പരിശോധിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൂടുതൽ പോലീസിനെ വിന്യസിച്ചില്ലെങ്കിൽ ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാകും.

വാഹന പെർമിറ്റ് ഏർപ്പെടുത്തുന്നതുകൊണ്ട് ഭക്തർക്ക് ഒരു തരത്തിലുമുളള അസൗകര്യവുമുണ്ടാകില്ല. ഭക്തജനബാഹുല്യവും ഇപ്പോഴത്തെ പ്രത്യേക സാഹചര്യവും കണക്കിലെടുത്താണ് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഹൈക്കോടതി അത് അംഗീകരിച്ചിട്ടുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയത് തീർത്ഥാടകരുടെ ബുദ്ധിമുട്ട് കുറയ്ക്കാനാണ്. ജനങ്ങൾ ഇതിനോട് നന്നായി സഹകരിക്കുന്നുണ്ട്.

വനിതാപോലീസിന്റെ പ്രായം ചിലർ പരിശോധിച്ചുവെന്ന ആരോപണവും അവകാശവാദവും അടിസ്ഥാനരഹിതമാണ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല.

ശബരിമലയുടെ യശസ്സ് വർദ്ധിപ്പിക്കുന്ന രീതിയിലുളള വികസനം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രളയത്തിൽ പമ്പയിലും നിലയ്ക്കലിലും വലിയ കെടുതിയാണ് ഉണ്ടായത്. അവിടെ അതിവേഗം പുനർനിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. നിലയ്ക്കൽ ബേസ് ക്യാമ്പിൽ 9,000 പേർക്ക് സൗകര്യം ഒരുക്കി കഴിഞ്ഞു. ബാക്കി സൗകര്യം കൂടി ഏർപ്പെടുത്താൻ ശ്രമിക്കുന്നു. ശബരിമലയുമായി ബന്ധപ്പെട്ട റോഡു പ്രവൃത്തികൾക്ക് 200 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്.

യോഗത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, സി.കെ. നാണു, തോമസ് ചാണ്ടി, തമ്പാനൂർ മോഹനൻ, എം.കെ. കണ്ണൻ, അഡ്വ. വേണുഗോപാലൻ നായർ, ചാരുപാറ രവി, കോവൂർ കുഞ്ഞുമോൻ, പി.സി. ജോർജ്, ഷിബു ബേബി ജോൺ, ജോണി നെല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.