സൂപ്പർ സ്പെഷ്യാലിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്ക് 5.35 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: ആലപ്പുഴ ഗവ. ആയുർവേദ പഞ്ചകർമ്മ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ആക്കുന്നതിന്റെ ഭാഗമായി മുടങ്ങിക്കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി 5,34,68,286 രൂപയുടെ പുനർ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാന സർക്കാരിന്റെ ശ്രമഫലമായാണ് വളരെകാലമായി മുടങ്ങിക്കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്. ഫൗണ്ടേഷൻ ജോലികളും ആദ്യനിലയുടെ കുറച്ച് ഭാഗങ്ങളും മാത്രമാണ് മുമ്പ് പൂർത്തിയായത്. എല്ലാ അപാകതകളും പരിഹരിച്ച് കൊണ്ടാണ് വീണ്ടും നിർമ്മാണം തുടങ്ങാൻ അനുമതി നൽകിയത്. ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും പ്രയോജനകരമാകുന്നവിധമാണ് പഞ്ചകർമ്മ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളൊരുക്കുന്നത്. ഈ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി തലത്തിലേക്കുയരുമ്പോൾ സാധാരണക്കാർക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

2014 ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച് പോയ ആശുപത്രിക്കാണ് വീണ്ടും പുനർജീവനമാകുന്നത്. ആലപ്പുഴ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിന് പിന്നിലായുള്ള 1.6 ഏക്കർ സ്ഥലത്താണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് 2012ൽ നിർമ്മാണ പ്രവർത്തനം തുടങ്ങിയത്. ഹിന്ദുസ്ഥാൻ ഫ്രീ ഫാബ്സ് ലിമിറ്റഡ് കമ്പനിയാണ് ടെണ്ടർ ഏറ്റെടുത്തിരുന്നത്. ആദ്യ ഗഡുവായി ലഭിച്ച 2 കോടി രൂപ കൊണ്ട് പൈലിംഗ് അടക്കം 159 തൂണുകളുടേയും കെട്ടിടത്തിന്റെ അടിത്തറയും സ്ലാബുകളുടെ പണിയുമാണ് തീർന്നത്. കെട്ടിടത്തിൽ അപാകതയുണ്ടെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ ബി.എസ്.എൻ.എൽ. എഞ്ചിനീയറിംഗ് വിഭാഗം നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റ് നടത്തുകയും മൂന്ന് തൂണുകൾക്ക് ബലക്ഷയമുണ്ടെന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ നിലച്ചുപോയ പ്രവർത്തനത്തിന് ജീവൻ വച്ചത് ഈ സർക്കാർ വന്നതോടെയാണ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ എന്നിവർ എച്ച്.പി.എൽ. കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തുകയും അപാകതകൾ കമ്പനി തന്നെ പരിഹരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇതിന്റെയടിസ്ഥാനത്തിലാണ് വളരെക്കാലം മുടങ്ങിക്കിടന്ന പദ്ധതി വീണ്ടും സജീവമാകുന്നത്. എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുവാനും നിർദേശം നൽകിയിട്ടുണ്ട്.