ഏറ്റവുമധികം ലീഗൽ ഗാർഡിയനെ നിയമിച്ച ബഹുമതിയും കേരളത്തിന്

തിരുവനന്തപുരം: നാഷണൽ ട്രസ്റ്റിന്റെ നിരാമയ ഇൻഷുറൻസ് പദ്ധതിയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളെ ചേർത്തതും ലീഗൽ ഗാർഡിയനെ നിയമിച്ചതും ആയ സംസ്ഥാനമായി കേരളം മാറി. 33,000 അംഗങ്ങളെ ചേർത്താണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. കേരളം ഈ വർഷം 4,000 നിയമാനുസൃത രക്ഷാകർത്താക്കളെ നിയമിച്ചപ്പോൾ മറ്റെല്ലാ സംസ്ഥാനങ്ങളും കൂടി അതിന്റെ പകുതി പോലും നിയമിച്ചിട്ടില്ല.

കേരള സർക്കാരിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും ശക്തമായ ഇടപെടലും സാമ്പത്തിക സഹായവും കൊണ്ടു മാത്രമാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഇന്ത്യയിൽ ആകെ 82,000 പേർ ഈ പദ്ധതിയിൽ അംഗങ്ങളായപ്പോൾ അതിന്റെ 39% ഗുണഭോക്താക്കളും കേരളത്തിൽ നിന്നാണ്. സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ട്രസ്റ്റ്, ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വൈകല്യം, ബഹുമുഖ വൈകല്യം എന്നീ വിഭാഗക്കാർക്കു വേണ്ടി നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതിയാണ് നിരാമയ. ഗുണഭോക്താക്കൾ നാഷണൽ ട്രസ്റ്റിലേക്ക് അടയ്ക്കേണ്ട വാർഷിക പ്രീമിയം തുക സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പ് വഴിയാണ് നൽകി വരുന്നതെന്നും മന്ത്രി പറഞ്ഞു.

നിലവിൽ നാഷണൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി 14 ജില്ലകളിലും ജില്ലാ കളക്ടർ ചെയർമാനായി ലോക്കൽ കമ്മിറ്റികളും ഇവ ഏകോപിപ്പിക്കുന്നതിന് സ്റ്റേറ്റ് നോഡൽ ഏജൻസി സെന്ററും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള ഗുണഭോക്താക്കൾ ഇതുവരെ 70 ലക്ഷം രൂപ നാഷണൽ ട്രസ്റ്റിൽ നിന്നും മെഡിക്കൽ ക്ലെയിം കൈപ്പറ്റിയിട്ടുണ്ട്.