സ്‌പെക്ട്രം പദ്ധതിയുടെ ഉദ്ഘാടന ശേഷം മടങ്ങാനൊരുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെ കാത്ത് ഒരു സമ്മാനവുമായാണ് മാവേലിക്കര സ്വദേശി ഗീതുകൃഷ്ണ വീല്‍ചെയറില്‍ കാത്തിരുന്നത്. മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച, വിരലുകള്‍ക്കു മാത്രം ചലന ശേഷിയുള്ള, ഗീതു വരച്ച ചിത്രങ്ങളുടെ പുസ്തകമാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. പുസ്തകം വാങ്ങിയ മുഖ്യമന്ത്രി അതു മറിച്ചു നോക്കി. സ്വന്തം ചിത്രവും അതില്‍ അദ്ദേഹം കണ്ടു. ഗീതുവിന്റെ കഴിവിനെ അഭിനന്ദിച്ച മുഖ്യമന്ത്രി വിധിക്ക് മുന്നില്‍ തോല്‍ക്കാന്‍ മനസില്ലാത്ത ആ കൊച്ചു മിടുക്കിയുടെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ച ശേഷമാണ് മടങ്ങിയത്. എന്റെ വിരല്‍പാടുകള്‍ എന്നാണ് ചിത്രപുസ്തകത്തിന് ഗീതു പേരു നല്‍കിയിരിക്കുന്നത്. മടിയില്‍ പേപ്പര്‍ വച്ച് പെന്‍സില്‍ കൊണ്ട് ബലം കൊടുത്താണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്.

കവിതകള്‍ രചിക്കാനും മിടുക്കിയാണ് ഗീതു. എന്റെ ജീവിത നൊമ്പരം എന്ന കവിതാ സമാഹാരം ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി. 19 കവിതകളാണിതിലുള്ളത്. അമ്മ ഓമനയ്‌ക്കൊപ്പമാണ് എത്തിയത്. 22 വയസുണ്ട്. പത്ത് വയസുവരെ യാതൊരു കുഴപ്പവുമില്ലായിരുന്നു. പിന്നീടാണ് കാലുകള്‍ തളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് രോഗം ബാധിക്കുകയും ചെയ്തത്. അതോടെ അഞ്ചാം ക്‌ളാസില്‍ പഠിത്തം നിര്‍ത്തി. പിന്നീട് വരകളിലും കവിതകളിലുമാണ് ആശ്വാസം കണ്ടെത്തിയത്. അച്ഛന്‍ ഗോപാലകൃഷ്ണന്‍ കുറച്ചു നാള്‍ മുമ്പ് മരിച്ചു. ഗീതുവിന്റെ കാര്യങ്ങള്‍ നോക്കാന്‍ മറ്റാരുമില്ലാത്തതിനാല്‍ അമ്മയ്ക്ക് ജോലിക്കു പോകാനുമാവുന്നില്ല. മസ്‌കുലാര്‍ ഡിസ്‌ട്രോഫി പോലുള്ള രോഗങ്ങള്‍ ബാധിച്ച് വിഷമിക്കുന്നവര്‍ക്കാണ് ഗീതു പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. സാമൂഹ്യ സുരക്ഷാ മിഷനും സാമൂഹ്യ നീതി വകുപ്പും ചേര്‍ന്നാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഫോണ്‍:7025354745.