പഴക്കംചെന്ന കണക്കുപുസ്തകങ്ങളും പാസ്ബുക്കുകളും സൂക്ഷിക്കുന്നത് തലവേദനയായിരുന്ന അയൽക്കൂട്ടാംഗങ്ങളെ ആധൂനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡിജിറ്റൽ യുഗത്തിലേക്ക് നയിക്കാനുള്ള കുടുംബശ്രീ പദ്ധതി ഫലപ്രാപ്തിയിലേക്ക്. കേന്ദ്ര സർക്കാർ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം വഴിയാണ് അയൽക്കൂട്ടങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്നത്. മേപ്പാടി, നൂൽപ്പുഴ, വൈത്തിരി സിഡിഎസ് പരിധിയിലെ മുഴുവൻ അയൽക്കൂട്ടങ്ങളുടെയും ക്രയവിക്രയം ഓൺലൈൻ മുഖേനയാക്കുന്നതിനുള്ള പ്രവർത്തനം പൂർത്തിയായി. 350 അയൽക്കൂട്ടങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള മേപ്പാടി സിഡിഎസാണ് ജില്ലയിൽ ഡിജിറ്റലൈസേഷൻ ആദ്യം പൂർത്തിയാക്കിയത്. മേപ്പാടിയിൽ 23ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ സമ്പൂർണ ഡിജിറ്റൽ നേട്ടം കൈവരിച്ച സിഡിഎസുകളെ ആദരിക്കും.
സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെയും പ്രവർത്തനം നിരീക്ഷിക്കുന്നതിനും അംഗങ്ങളുടെ വിവരങ്ങൾ അറിയുന്നതിനും സംവിധാനം സഹായിക്കും. പദ്ധതികൾ കൃത്യമായി ആസൂത്രണം ചെയ്യുന്നതിനും ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കഴിയും. അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരെ കണ്ടെത്തുന്നതും നടപടിയെടുക്കുന്നതും എളുപ്പമാക്കും.
അയൽക്കൂട്ടത്തിന്റെ പണമിടപാടുകൾ സംബന്ധിച്ച വിവരം അംഗങ്ങൾക്കെല്ലാം ലഭ്യമാക്കാൻ സഹായിക്കുമെന്നതും സംവിധാനത്തിന്റെ സവിശേഷതയാണ്. ഓരോ സിഡിഎസിലും നിയോഗിച്ച റിസോഴ്‌സ് പേഴ്‌സൺമാർ മുഖേനയാണ് അയൽക്കൂട്ടത്തിന്റെ പഴയ ഇടപാടുകൾ ശേഖരിച്ച് അപ്‌ഡേറ്റ് ചെയ്യുക.