രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഊർജ പ്രതിസന്ധിക്ക് പരിഹരം കാണുന്നതിനും അന്തരീക്ഷ മലിനീകരണം തടയുന്നതിനും പുത്തൻ സാങ്കേതികവിദ്യയുമായി വിദ്യാർത്ഥികൾ. ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്‌വൺ സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥികളായ അമൻ ജോസും ലിറ്റി ഫ്‌ളവറി സേവ്യറും ചേർന്നാണ് നൂതന കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. മേപ്പാടിയിൽ നടന്ന ജില്ലാ സ്‌കൂൾ ശാസ്ത്രമേള ഹയർ സെക്കൻഡറി വിഭാഗം സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഇവരുടെ പ്രൊജക്ടിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. അന്തരീക്ഷത്തെ മലിനമാക്കുന്ന കാർബൺ ഡയോക്‌സൈഡ്, ജൈവമാലിന്യങ്ങൾ തുടങ്ങിയവയിൽ നിന്നു വൈദ്യുതി, വളങ്ങൾ, ഇന്ധനം ഉൽപാദിപ്പിക്കുന്ന ഹൈപവർ ജെറ്റ് പ്ലാന്റാണ് ഇരുവരും ചേർന്നു നിർമ്മിച്ചത്. മാലിന്യങ്ങൾ കുന്നുകൂടുകയും അന്തരീക്ഷത്തിൽ കാർബൺ ഡയോക്‌സൈഡിന്റെ അളവ് വർദ്ധിക്കുകയും ഊർജ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈപവർ ജെറ്റ് പ്ലാന്റ് നിർമ്മിക്കാനുള്ള ആശയം മനസ്സിലുദിച്ചതെന്ന് ഇരുവരും പറഞ്ഞു. കല്ലോടി പാതിരിച്ചാലിലെ അദ്ധ്യാപകൻ പള്ളത്ത് ജോസിന്റെ മകനാണ് അമൻ. വെള്ളമുണ്ട ഒഴുക്കൻമൂല മേച്ചേരിൽ സേവ്യറിന്റെയും ജിൽസമ്മയുടെയും മകളാണ് ലിറ്റി.
