ദേശീയ ശിശുദിനത്തോടനുബന്ധിച്ച് ചൈൽഡ്‌ലൈൻ വയനാട് കേന്ദ്രം, ജില്ലാ ഭരണകൂടം, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, യൂനിസെഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി പ്രത്യേക ശിൽപശാല സംഘടിപ്പിച്ചു. എട്ടു വിഷയങ്ങളിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സ്വയം പഠനവും വിഷയാധിഷ്ഠിത ചാർട്ട് നിർമ്മാണം, സ്‌കിറ്റുകൾ എന്നിവയും ഇതിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കി. സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗവും ഓൺലൈൻ കെണികളും, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും ദൂഷ്യവശങ്ങളും, ശാരീരിക-മാനസിക-ലൈംഗിക ചൂഷണങ്ങൾ എങ്ങനെ പ്രതിരോധിക്കാം, കുടുംബത്തിലെ പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം, സ്ഥാപനങ്ങളിലും സമൂഹത്തിലും കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ, കുട്ടികളുടെ അവകാശങ്ങളും കടമകളും എന്നീ വിഷയങ്ങളിലാണ് അവതരണങ്ങൾ തയ്യാറാക്കിയത്. മുട്ടിൽ ഓർഫനേജ് സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടർ എ.ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു. ചൈൽഡ്‌ലൈൻ ഡയറക്ടർ സി.കെ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. മുട്ടിൽ ഓർഫനേജ് ചെയർമാൻ മുഹമ്മദ് ജമാൽ മുഖ്യപ്രഭാഷണം നടത്തി. പ്രൻസിപ്പൽ ഇൻചാർജ് എസ്.എം. ഷമി, അഡ്വ. കെ.എം. മനോജ്, അബ്ദുൽ റസാഖ്, മജേഷ് രാമൻ, മുഹമ്മദ് മിദ്‌ലാജ് എന്നിവർ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് പേഴ്‌സൺമാർ പരിപാടികൾക്ക് നേതൃത്വം നൽകി.
