പട്ടയവരുമാന പരിധി ഒരു ലക്ഷത്തിൽ നിന്നും രണ്ടര ലക്ഷമാക്കി വർധിപ്പിക്കാൻ തീരുമാനമായതായി റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1964 ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് പഞ്ചായത്ത് പ്രദേശങ്ങളിലെ ഭൂമി പതിവിനായുള്ള പട്ടയവരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്നും 2.5 ലക്ഷമായി വർധിപ്പിക്കുന്നത്.
1995 ചട്ടപ്രകാരമുളള മുൻസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലെ പട്ടയ വിതരണത്തിന് നിലവിലുണ്ടായിരുന്ന വരുമാന പരിധി 2.5 ലക്ഷമാക്കി നേരത്തെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്ത് ഭൂരേഖയ്ക്ക് വേണ്ടി കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാകുന്ന തീരുമാനമാണ് ഇതിലൂടെ നടപ്പിലാകുന്നത്. 4,10,000 ലധികം ഭൂരഹിതരായിട്ടുള്ള മനുഷ്യരെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയതിലൂടെ ചരിത്ര മുന്നേറ്റം കൈവരിക്കാനായി. സർക്കാരിന്റെ 5 ലക്ഷം പട്ടയം എന്ന ലക്ഷ്യത്തിലേക്ക് അതിവേഗമെത്തുന്നതിന് ഈ ഉത്തരവ് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.
