ആലപ്പുഴ: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ആലപ്പുഴ സർക്കാർ അതിഥി മന്ദിരത്തിൽ വെച്ച് സിറ്റിങ് നടത്തി. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അധ്യക്ഷതയിൽ രാവിലെ 10 ന് ആരംഭിച്ച സിറ്റിങിൽ കമ്മീഷൻ മെമ്പർമാരായ അഡ്വ. വി.വി. ശശീന്ദ്രൻ, ടി.ജെ. ആഞ്ചലോസ് എന്നിവർ പങ്കെടുത്തു. ആലപ്പുഴ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ/ജോയിന്റ് ഡയറക്ടർ ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും പരാതി സമർപ്പിച്ച അപേക്ഷകരും പങ്കെടുത്തു. കടാശ്വാസ കമ്മീഷന്റെ ശിപാർശ പ്രകാരം സർക്കാർ അനുവദിച്ച കടാശ്വാസ തുക ലഭിച്ചിട്ടും ഈട് ആധാരങ്ങൾ തിരികെ ലഭിക്കാത്തതിൽ ലഭിച്ച പരാതികൾ, കടാശ്വാസ തുക വായ്പാ കണക്കിൽ വരവ് വെച്ചതിലും ബാങ്കുകൾക്ക് ലഭിച്ച കടാശ്വാസ തുക വായ്പ കണക്കിൽ ചേർക്കാത്തതിലും അമിത പലിശ ഈടാക്കിയതിലും തുടങ്ങി വിവിധങ്ങളായ പരാതികൾ അദാലത്തിൽ കമ്മിഷന് ലഭിച്ചു. അത്തരം പരാതികൾക്ക് പരിഹാരം നിർദ്ദേശിച്ചിരുന്നെങ്കിലും ചിലതെല്ലാം നടപ്പായിട്ടില്ല എന്ന് കാണുകയുണ്ടായി. വിവിധ സിറ്റിംഗുകളിൽ തീർപ്പാകാതിരുന്ന പരാതികളിൽ നോട്ടീസ് കൈപ്പറ്റിയ 30 കേസുകൾ കമ്മിഷൻ ഇന്ന് പരിഗണിച്ചു.
ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക്, ചേർത്തല കാർഷിക ഗ്രാമ വികസന ബാങ്ക്, പെരുമ്പള്ളി സർവ്വീസ് സഹകരണ ബാങ്ക്, കരുവാറ്റ സർവ്വീസ് സഹകരണ ബാങ്ക്, മണ്ണഞ്ചേരി പെരുംതുരുത്ത് ഭവന നിർമ്മാണ സഹകരണ സംഘം, തങ്കി സർവ്വീസ് സഹകരണ ബാങ്ക്, കുത്തിയതോട് റൂറൽ ഹൗസിംഗ് സഹകരണ സംഘം, ഭവന നിർമ്മാണ ബോർഡ്, കേരള സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കമ്മിഷൻ പരിഗണിച്ചു. കമ്മീഷൻ ശിപാർശ പ്രകാരം അനുവദിച്ച കടാശ്വാസ തുക ലഭ്യമാക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്ത ഏഴു കേസുകളിൽ കടാശ്വാസ തുക എത്രയും വേഗം ബാങ്കുകൾക്ക് അനുവദിക്കാൻ കമ്മീഷൻ ജോയിന്റ് രജിസ്ട്രാറോട് നിർദ്ദേശിച്ച് ഉത്തരവായി.മണ്ണഞ്ചേരി പെരുംതുരുത്ത് ഹൗസിംഗ് സഹകരണ സൊസൈറ്റിയിൽ നിന്നും വായ്പയെടുത്ത കേസുകളിൽ കടാശ്വാസം ലഭിച്ചിട്ടും ഹൗസിംഗ് ഫെഡറേഷനേയും കക്ഷിയാക്കി കേരള ഹൈക്കോടതിയിൽ കേസുള്ളതായും ഈട് വസ്തു വില്ക്കുന്നതിന് ലേല നടപടികൾക്ക് നോട്ടീസ് നല്കിയതായും ലഭിച്ച പരാതി കമ്മിഷൻ പരിഗണിച്ചു. അധിക തുക ഈടാക്കുന്നതിനായി എടുത്ത ലേല നടപടികൾ ഹൈക്കോടതിയിൽ ഉള്ള കേസിൽ തീരുമാനം വരുന്നതുവരെ ജപ്തി നടപടികളോ മത്സ്യത്തൊഴിലാളികളെ കുടിയിറക്കുന്ന നടപടികളോ യാതൊന്നും എടുക്കരുതെന്ന് കമ്മിഷൻ സംഘത്തോട് നിർദ്ദേശിച്ചു. തങ്കി സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത ഒരു കേസ് പരിശോധിച്ചതിൽ 2008-ലെ വായ്പയാണെന്ന് കണ്ട് കടാശ്വാസത്തിന് പരിഗണിച്ചില്ല. എങ്കിലും 2008-ലെ വായ്പ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ പുതിയ അപേക്ഷ വിളിക്കുന്നതിന് നടപടി തുടങ്ങിയതായും അപ്രകാരം പുതിയ അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ കടാശ്വാസത്തിന് പരിഗണിക്കുന്നതാണെന്നും കമ്മിഷൻ അറിയിച്ചു.പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും വായ്പയെടുത്ത 5 കേസുകളിൽ കടാശ്വാസം അനുവദിക്കുകയുണ്ടായെങ്കിലും കടാശ്വാസ തുക വരവ് വെക്കാത്തത് പരിശോധിച്ച് നിജസ്ഥിതി റിപ്പോർട്ട് ചെയ്യാൻ കെ.എസ്.ബി.സി.ഡി.സി. ജില്ലാ മാനേജരോട് കമ്മിഷൻ ആവശ്യപ്പെട്ടു.
