ശരിയായ ജോലി അനുഷ്ഠിക്കലാണ് യഥാര്‍ഥ ഭക്തി: ഐ.ജി. വിജയ് സാക്കറെ
സുരക്ഷ ഉറപ്പുവരുത്തുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ശരിയായ അയ്യപ്പഭക്തിയെന്ന് സന്നിധാനത്തെ പോലീസ് സേനയുടെ ചുമതലയുള്ള ഐ.ജി. വിജയ്‌സാക്കറെ പറഞ്ഞു. മണ്ഡലകാലത്തെ ആദ്യഘട്ട സുരക്ഷാചുമതലയേറ്റ പോലീസ് സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴുദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ നട അടച്ചശേഷം ആരേയും സന്നിധാനത്തും പരിസരപ്രദേശങ്ങളിലും തങ്ങാന്‍ അനുവദിക്കരുതെന്ന ഡിജിപിയുടെ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും വിജയ് സാക്കറെ പറഞ്ഞു. സോപാനം ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലും യൂണിഫോമില്‍ തന്നെ എല്ലാവരും ഡ്യൂട്ടി ചെയ്യണമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ചുമതലയുള്ള മലപ്പുറം എസ്പി പ്രദീഷ്‌കുമാര്‍ പറഞ്ഞു.

എറണാകുളം റെയ്ഞ്ച് ഐജി വിജയ് സാക്കറെയാണ് സന്നിധാനത്തെ ലോ ആന്റ് ഓര്‍ഡര്‍, ക്രൗഡ് മാനേജ്‌മെന്റ് ചുമതലകള്‍ക്ക് നേതൃത്വം നല്‍കുന്നത്. മണ്ഡലകാലത്ത് സന്നിധാനത്ത് പഴുതടച്ച സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഐജി വിജയ് സാക്കറെയുടെ കീഴില്‍ എസ്പിമാരായ ശിവവിക്രം, കെ.എസ്. സുദര്‍ശനന്‍, പ്രദീഷ്‌കുമാര്‍ എന്നിവര്‍ക്കാണ് സന്നിധാനത്തെ സ്‌പെഷ്യല്‍ ഓഫീസര്‍ ചുമതല നല്‍കിയിട്ടുള്ളത്. സന്നിധാനത്തിന്റെ സുരക്ഷയ്ക്ക് മൂന്ന് സ്‌പെഷ്യല്‍ ഓഫീസര്‍മാരുടെ കീഴില്‍ 15 ഡി.വൈ.എസ്.പിമാര്‍, 30 സി.ഐമാര്‍, 100 എസ്.ഐമാര്‍, 1350 സിവില്‍പോലീസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് നവംബര്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ നിയോഗിച്ചിട്ടുള്ളത്.