* പോലീസ് സേനാംഗങ്ങളുടെ പാസിങ്ങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു
മാന്യമായതും മാതൃകാപരമായതുമായ പെരുമാറ്റം എല്ലാവരോടും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളാ ആംഡ് പോലീസിന്റെ മൂന്നാം ബറ്റാലിയനിലെയും അഞ്ചാം ബറ്റാലിയനിലെയും പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസിങ്ങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃകാപരമായി ഇടപെടാന്‍ പുതുതായി സേനയില്‍ ചേരുന്നവര്‍ക്ക് കഴിയണം. ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ കാര്യങ്ങളും സംരക്ഷിക്കുക എന്ന ചുമതലയാണ് ഏറ്റെടുക്കാന്‍ പോകുന്നത്. ഭരണഘടനയ്ക്ക് എതിരെയുള്ള വെല്ലുവിളികള്‍ പലതരത്തില്‍ ഉയര്‍ന്നുവരുന്ന കാലത്ത് വലിയ ഉത്തരവാദിത്തമാണ് പോലീസിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിലെ തന്നെ സേനകളില്‍ മികവ് തെളിയിച്ചിട്ടുള്ളതാണ് കേരളത്തിലെ പോലീസ് സേന. കൃത്യനിഷ്ഠ പാലിക്കുന്നതിനൊപ്പം ജനങ്ങളുമായി ഇടപഴകുമ്പോള്‍ ഉയര്‍ന്ന സാംസ്കാരിക നിലവാരം പുലര്‍ത്തുകയും വേണം.
പൊതുവേ പോലീസ് ജനങ്ങളുമായി ഉയര്‍ന്ന സൗഹൃദബന്ധമാണ് പുലര്‍ത്തുന്നത്. അതിന്റെ ഭാഗമായി ജനമൈത്രീപോലീസ് എന്നത് അക്ഷരാര്‍ഥത്തില്‍ തന്നെ പ്രയോഗത്തില്‍കൊണ്ടുവരാന്‍ കഴിഞ്ഞു. ആ മികവുകള്‍ ഉണ്ടെങ്കിലും ഏതെങ്കിലും ഒരു മോശം കാര്യം ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാല്‍ അതായിരിക്കും പോലീസിന്റെ മുദ്രയായി ജനങ്ങള്‍ കാണുന്നത്. ആ കൂട്ടത്തില്‍ പെടാതെ മികവിന്റെ ഭാഗമായി മാറാന്‍ പരിശ്രമിച്ച് നാടിനെ ഉത്തമമായ രീതിയില്‍ സേവിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിശീലനകാലയളവില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു.
മികച്ച ഷൂട്ടര്‍ ആയി കെ എ പി മൂന്നാം ബറ്റാലിയനിലെ മുഹമ്മദ് ഷാനും അഞ്ചാം ബറ്റാലിയനിലെ അജിത് വാസുദേവനും തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഇന്‍ഡോര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് റെജി രാജന്, മനു പി ജി എന്നിവരാണ്. ബെസ്റ്റ് ഔട്ട്ഡോര്‍ കേഡറ്റായി ഹരികൃഷ്ണന് എം യു, ബിന്‍സ് ലാല്‍ കെ എസ് എന്നിവരും ബെസ്റ്റ് ഓള്‍റൗണ്ടര്‍ ആയി റെജി രാജന്, മനോജ് എസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
551 പേരാണ് ഇന്ന് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇതില്‍ എം.ബി.എ ക്കാര് 16 പേരും ബിരുദാനന്തര ബിരുദമുള്ളവര്‍ 52 പേരും ബിരുദധാരികള്‍ 234 പേരും ഉള്‍പ്പെടുന്നു. 21 പേര് ബി ടെക് ബിരുദധാരികളും രണ്ടുപേര്‍ എം.സി.എ ക്കാരുമാണ്. എം.ടെക്ക് നേടിയ ഒരാളും എം.എസ്.ഡബ്ല്യു ഉള്ള രണ്ടുപേരും പുതിയ ബാച്ചുകളിലുണ്ട്.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്, ഐ.ജി. ഇ.ജെ. ജയരാജ്, ഡി.ഐ.ജി. ഷെഫീന്‍ അഹമ്മദ്.കെ, കെ.എ.പി മൂന്നാം ബറ്റാലിയന് കമാന്‍ഡന്റ് കെ.ജി.സൈമണ്‍, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.