പ്രളയം തകർത്ത ജില്ലയിലെ കാർഷിക മേഖലയിൽ പുതിയ പരീക്ഷണവുമായി മൃഗസംരക്ഷണ വകുപ്പ്. സഹായവുമായി വകുപ്പെത്തിയതോടെ താറാവുകൃഷിയിൽ ഒരുകൈ നോക്കാനിറങ്ങുകയാണ് കർഷകരും. താറാവുഗ്രാമം പദ്ധതിയുടെ ഭാഗമായി മുട്ട ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടുകയെന്ന ലക്ഷ്യത്തോടെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ആയിരം താറാവുകളെ വിതരണം ചെയ്തു. സ്ഥലസൗകര്യമുള്ള നൂറ് കർഷകർക്കാണ് 60 ദിവസം പ്രായമുള്ള ചാര ചെമ്പല്ലി ഇനത്തിൽപ്പെട്ട കുട്ടനാടൻ താറാവുകളെ നൽകിയത്.
ഇതര കൃഷികളിലുള്ള സങ്കീർണതകൾ താറാവുകൃഷിക്കില്ലെന്നതാണ് കർഷകരെ ആകർഷിക്കുന്നത്. കാർഷികവൃത്തിയിൽ രാസവളങ്ങളോടുള്ള എതിർപ്പും ജൈവവളങ്ങളോടുള്ള പ്രതിപത്തിയും താറാവു വളർത്തലിന് അനുകൂല ഘടകങ്ങളാണ്. പാടങ്ങളിലേക്കിറങ്ങുന്ന താറാവുകളുടെ കാഷ്ഠം നെൽകൃഷിക്ക് വളമാണ്. കൂടാതെ പാടങ്ങളിൽ ജൈവകീടനിയന്ത്രണത്തിന് താറാവ് ഗണ്യമായ പങ്ക് വഹിക്കുന്നു. ഇതിനോടൊപ്പം തന്നെ മണ്ണിന്റെ വളക്കൂറ് വർദ്ധിപ്പിക്കുന്നതിനും താറാവുകൃഷി സഹായകമാവുന്നുണ്ട്. താറാവു കൃഷിയുടെ 70 ശതമാനവും മത്സ്യസാന്നിധ്യമുള്ള പ്രദേശത്താണ്. പോഷകങ്ങൾ സന്തുലിതാവസ്ഥയിൽ അടങ്ങിയിട്ടുള്ളവയാണ് താറാവിറച്ചിയും മുട്ടയും. മാത്രമല്ല, ഇതിന് ഔഷധഗുണവും ഏറെയാണ്. അർശസ് രോഗികൾക്ക് താറാവ് മുട്ട ഉപയോഗിക്കുന്നതുകൊണ്ട് രോഗശമനം ലഭിക്കുന്നു. താറാവുമുട്ടയിലും ഇറച്ചിയിലും അടങ്ങിയിരിക്കുന്ന കൊഴുപ്പ് അമ്ലങ്ങൾ അപൂരിതങ്ങളായതിനാൽ രക്തത്തിലെ ദോഷകാരിയായ കൊളസ്‌ട്രോൾ കൂട്ടുകയുമില്ല.

ലാഭകരം… പോഷക സമൃദ്ധം…
കോഴിമുട്ടകളേക്കാൾ വലിപ്പം കൂടിയവയാണ് താറാവ് മുട്ടകൾ. കോഴിമുട്ടയുടെ തൂക്കത്തിനേക്കാൾ 10-20 ഗ്രാം തൂക്കക്കൂടുതൽ ഇവയ്ക്കുണ്ട്. താറാവ് മുട്ടയ്ക്ക് ഏകദേശം 65 ഗ്രാം മുതൽ 75 ഗ്രാം വരെ തൂക്കം പ്രതീക്ഷിക്കാം. കട്ടിയുള്ള തോടും അൽപം മങ്ങിയ നിറവും താറാവുമുട്ടകളുടെ പ്രത്യേകതയാണ്. മുട്ടത്തോട് ഒഴിവാക്കിയാൽ വെള്ളക്കരുവും മഞ്ഞക്കരുവും ചേർന്ന് ഒരു താറാവുമുട്ട 70 ഗ്രാം ഭക്ഷ്യവസ്തു നൽകുന്നു എന്നാണ് കണക്ക്. വെള്ളക്കരു (ആൽബുമിൻ) 60 ശതമാനവും മഞ്ഞക്കരു (കൊഴുപ്പ്) 30 ശതമാനവും മുട്ടത്തോട് 10 ശതമാനവും വരും. മുട്ടത്തോട് ഒഴിവാക്കിയാൽ 70 ഗ്രാം ഭാരം വരുന്ന ഒരു മുട്ടയിൽ 49.6 ഗ്രാമും ജലമാണ്. അന്നജം ശരാശരി 1.0 ഗ്രാം, മാംസ്യം 8.97 ഗ്രാം, കൊഴുപ്പ് 9.63 ഗ്രാം, ധാതുലവണങ്ങൾ 0.8 ഗ്രാം, ഊർജത്തിന്റെ അളവ് 130 കിലോ കലോറി എന്നിവയടങ്ങിയിരിക്കുന്നു. ധാതുലവണ ലഭ്യതയുടെ കാര്യത്തിലും താറാവ് മുട്ട മുന്നിയിലാണ്. കോഴിമുട്ടയിൽ വളരെ നേരിയ തോതിൽ സിങ്ക് കൂടുതലുള്ളതൊഴിച്ച് ബാക്കി ധാതുലവണങ്ങളായ കാത്സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം മുതലായവ താറാവ് മുട്ടയിൽ കൂടുതലാണുള്ളത്. ജീവകം എ യുടെ അളവും താറാവ് മുട്ടയിലാണ് കൂടുതലുള്ളത്. താറാമുട്ടയിൽ ശരാശരി 1328 അന്തർദേശീയ യൂണിറ്റ് ജീവകം എ ഉള്ളപ്പോൾ കോഴിമുട്ടയിൽ ഇത് 520 യൂണിറ്റ് മാത്രമാണ്. ചുരുക്കത്തിൽ താറാമുട്ടയിലാണ് പോഷകഘടകങ്ങൾ കൂടുതൽ അടങ്ങിയിട്ടുള്ളത്. ഇത് താറാവുമുട്ടയ്ക്ക് മാർക്കറ്റിൽ നല്ല ഡിമാൻഡ് സൃഷ്ടിക്കുന്നു. കോഴിമുട്ടയുമായി താരതമ്യപ്പെടുത്തുമ്പോൾ മുട്ടത്തോടിന് നല്ല കട്ടിയുണ്ട് (0.53 മില്ലിമീറ്റർ). അതിനാൽ മുട്ട പെട്ടെന്ന് ഉടയാതെ കൈകാര്യം ചെയ്യുവാൻ സാധിക്കും. താറാവു മുട്ടയുടെ തോടിനു പുറമെ ഒരു സ്വാഭാവിക കവചമുള്ളതിനാൽ രോഗാണുക്കൾ മുട്ടയ്ക്കകത്ത് പ്രവേശിക്കുന്നത് പ്രതിരോധിക്കുന്നത് താറാവു മുട്ടയുടെ സവിശേഷതയാണ്. ഈ ഒരു കവചംമൂലം താറാവുമുട്ടയുടെ അകത്തെ ജലാംശം നഷ്ടപ്പെടുന്നില്ല. അന്തരീക്ഷവായു അകത്ത് പ്രവേശിക്കുന്നതുമില്ല. അതിനാൽ ഇവ കൂടുതൽ സമയം കേടുകൂടാതെ സൂക്ഷിക്കുവാൻ സാധിക്കുന്നത് വിപണിയെ സഹായിക്കുന്ന ഘടകമാണ്. താറാവുമുട്ടയുടെ ഉൽപാദനം വികസന സാദ്ധ്യതയുള്ള മേഖലയാണ്.
കുട്ടനാടൻ താറാവുകളുടെ തൂക്കത്തിന്റെ പാചകയോഗ്യമായ ഇറച്ചി 68 ശതമാനമാണ്. താറാവിറച്ചിയിൽ 48.5 ശതമാനം ജലം, 11.49 ശതമാനം കാത്സ്യം, 39.34 ശതമാനം കൊഴുപ്പ്, 0.68 ശതമാനം പൊട്ടാസ്യം എന്നിവയടങ്ങിയിരിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ശുപാർശ ചെയ്യുന്നത് ഒരു വ്യക്തിയുടെ ആഹാരത്തിൽ ഒരു ദിവസം ശരാശരി 37 ഗ്രാം മാംസമെങ്കിലും അടങ്ങിയിരിക്കണമെന്നാണ്. കോഴികളുമായി താരതമ്യപ്പെടുത്തുമ്പോൾ താറാവുകളിൽ നിന്ന് കൂടുതൽ മുട്ട ലഭിക്കുമെന്നതു പ്രധാന കാര്യമാണ്. നല്ലയിനം മുട്ടക്കോഴികളിൽനിന്ന് ഒരു വർഷം ഏകദേശം 260 മുട്ട ലഭിക്കും. കോഴികൾ മുട്ടയിട്ടു തുടങ്ങിയാൽ ഒരു വർഷത്തേക്ക് മാത്രമേ ലാഭകരമായി വളർത്താൻ സാധിക്കുകയുള്ളൂ. എന്നാൽ താറാവിനെ മുട്ടയ്ക്കുവേണ്ടി രണ്ടോ, മൂന്നോ വർഷം ലാഭകരമായി വളർത്താം.