വൈകീട്ട് അഞ്ചുമണി, പടിഞ്ഞാറത്തറ പഞ്ചായത്തിലെ പന്തിപ്പൊയിൽ അരിക്കളം കോളനിക്ക് സമീപത്തെ കമ്മ്യൂണിറ്റി ഹാളിലേക്ക് പെരിങ്ങോട്ടുകുന്ന് പണിയ കോളനിയിൽ നിന്ന് സനീഷും ധന്യയും ആദ്യമെത്തി. പിന്നാലെ കൂട്ടുകാരും. ഹാളിനകത്ത് സജ്ജീകരിച്ച ഇരിപ്പിടങ്ങളിൽ അവർ ഗൃഹപാഠം ചെയ്യുകയാണ്. സമയം കടന്നുപോവുന്നു. സ്‌കൂളിൽ നിന്നു ‘ഗോത്രസാരഥി’യുടെ ചിറകിലേറിയെത്തിയവർ ഓരോരുത്തരായി ഹാളിലേക്ക് കയറിക്കൊണ്ടിരുന്നു. അതുവരെ ഉറങ്ങിക്കിടന്ന അരിക്കളം കോളനിയിലെ കമ്മ്യൂണിറ്റി ഹാളിന് ജീവൻവയ്ക്കുകയാണ്. ഇവിടെയാണ് പട്ടികവർഗ വികസനവകുപ്പിന്റെ സാമൂഹിക പഠനമുറികളിലൊന്ന്. പാട്ടും മേളവും കളിചിരികളുമായി കോളനിയിലെ പഠനാന്തരീക്ഷം പാടെ മാറിയിരിക്കുന്നു. സാമൂഹിക പുരോഗതിയുടെ ചാലകശക്തിയായ വിദ്യാഭ്യാസത്തിലൂടെ പട്ടികവർഗ വിഭാഗത്തെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന സർക്കാർ ലക്ഷ്യം പൂർണതയിലേക്ക് എത്തുകയാണ്…
സർക്കാർ ആവിഷ്‌കരിച്ച് പട്ടികവർഗ വികസനവകുപ്പ് നടപ്പാക്കുന്ന സാമൂഹിക പഠനമുറികൾ ആദിവാസി വിഭാഗത്തിന്റെ വിദ്യാഭ്യാസ പിന്നാക്കവസ്ഥ മറികടക്കാൻ ഉതകുന്നതാണെന്ന് അരിക്കളം കോളനിയുടെ സാക്ഷ്യപ്പെടുത്തൽ. പെരിങ്ങോട്ടുകുന്ന്, അരിക്കളം കോളനികളിലെ ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾ അരിക്കളത്തെ പഠനമുറിയിലുണ്ട്. പഠിതാക്കൾക്ക് ലഘുഭക്ഷണവും ഒരുക്കിയിരിക്കുന്നു. ഇതിനായി ഒരു വിദ്യാർത്ഥിക്ക് 20 രൂപയാണ് പട്ടികവർഗ വികസനവകുപ്പ് നീക്കിവച്ചിരിക്കുന്നത്. ഇത്തരത്തിൽ 25 സാമൂഹിക പഠനമുറികളാണ് വയനാട്ടിൽ. സംസ്ഥാനത്ത് പുതുതായി ആരംഭിക്കാനിരിക്കുന്ന പഠനമുറികളിൽ 100 എണ്ണവും വയനാട്ടിലാണ്.
രണ്ടു വിദ്യാർത്ഥികൾക്ക് ഇരിക്കാൻ കഴിയുന്ന 15 സ്റ്റഡി ടേബിളുകൾ, കമ്പ്യൂട്ടറുകൾ, അനുബന്ധ ഉപകരണങ്ങൾ, എൽഇഡി മോണിറ്റർ, പുസ്തകങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, പത്രങ്ങൾ എന്നിവയെല്ലാം ഓരോ കേന്ദ്രത്തിലുമുണ്ട്. ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫിസർക്കാണ് മേൽനോട്ടച്ചുമതല. ഓരോ പഠനമുറിയുടെയും പുരോഗതി വിലയിരുത്തുന്നതിനായി ജനപ്രതിനിധികൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ, എസ്ടി പ്രമോട്ടർ, വിദ്യാർത്ഥി പ്രതിനിധികൾ, രക്ഷകർത്താക്കളുടെ പ്രതിനിധികൾ എന്നിവരടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റിയുണ്ട്.
വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക്, ഭാഷാപരമായ പ്രശ്‌നങ്ങൾ എന്നിവ ഇത്തരം പഠനമുറികളിൽ പരിഹരിക്കപ്പെടുന്നു. ഇതിനായി 15,000 രൂപ ഓണറേറിയം നൽകി ഫെസിലിറ്റേറ്റർമാരെ നിയമിച്ചിട്ടുണ്ട്. പഠനമുറി പ്രവർത്തിക്കുന്ന ഊരിലെ അഭ്യസ്തവിദ്യരാണ് ഫെസിലിറ്റേറ്റർമാർ. വിദ്യാർത്ഥികൾ പതിവായി സ്‌കൂളിൽ പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും സ്‌കൂളും വിദ്യാർത്ഥികളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതും പഠനമുറി കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഫെസിലിറ്റേറ്ററുടെ ചുമതലയിൽപ്പെടും. പ്രവൃത്തി ദിവസങ്ങളിൽ സ്‌കൂൾ സമയത്തിനു മുമ്പും ശേഷവും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയുള്ള സമയങ്ങളിലും ഫെസിലിറ്റേറ്ററുടെ സേവനം കുട്ടികൾക്കു ലഭിക്കും.
പഠനബോധന പ്രക്രിയയിലെ പ്രധാന മേഖലകൾ കുട്ടികൾക്കു പരിചയപ്പെടുത്തൽ, അവരുടെ വാചിക പ്രതികരണങ്ങൾ പുറത്തെടുക്കൽ, ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ആവശ്യമായ പിന്തുണ നൽകൽ, വിദ്യാർത്ഥികൾക്ക് പരിസരം, അനുഭവം എന്നിവയുമായി ബന്ധപ്പെടുത്തി ആകർഷകമായ രീതിയിൽ പാഠഭാഗങ്ങൾ പരിചയപ്പെടുത്തൽ എന്നിവയും ഫെസിലിറ്റേറ്ററുടെ ചുമതലയാണ്. കമ്പ്യൂട്ടറും മറ്റു സൗകര്യങ്ങളും ഉപയോഗിച്ച് രസകരവും വിജ്ഞാനപ്രദവുമായ രീതിയിൽ പാഠ്യവിഷയങ്ങളിലും അനുബന്ധ പ്രവർത്തനങ്ങളിലും കുട്ടികൾക്ക് പരിശീലനം ലഭിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനം, ശുചിത്വം തുടങ്ങിയ കാര്യങ്ങളിൽ പഠനമുറികൾക്കു ശ്രദ്ധേയമായ പങ്കുണ്ട്. ലഹരിവസ്തുക്കളുടെ ഉപയോഗം നിമിത്തമുണ്ടാവുന്ന വിപത്തുകളെക്കുറിച്ചും സാമൂഹിക പഠനമുറികളിൽ ബോധവൽക്കരണം നൽകുന്നു.