ശബരിമല തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് പോലീസ് പാസ് നല്‍കുന്നതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പാസ് ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകള്‍ പെട്ടെന്നുതന്നെ പരിഗണിക്കുകയും കാലതാമസം കൂടാതെ പാസ് നല്‍കുകയും വേണം. ഇതിനായി പോലീസ് സ്റ്റേഷനുകളില്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് പാസ് ഒപ്പിട്ട് നല്‍കാവുന്നതാണ്. വളരെ വ്യക്തമായ കാരണങ്ങളില്ലാതെ പാസിനുള്ള അപേക്ഷ നിരസിക്കപ്പെടുന്നില്ലെന്ന് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ഉറപ്പുവരുത്തണം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇല്ലെന്ന കാരണത്താല്‍ ഒരു കാരണവശാലും അപേക്ഷകരെ പാസ് നല്‍കാതെ മടക്കി അയയ്ക്കാന്‍ പാടില്ല. ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.