*വാഗമൺ കേരളത്തിലെ പാരാഗ്ലൈഡിംഗ് ഡെസ്റ്റിനേഷൻ
സാഹസിക ടൂറിസത്തിൻ്റെ ഹബ്ബ് ആയി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വാഗമണ്‍ അന്താരാഷ്ട്ര ടോപ് ലാന്‍ഡിംഗ് ആക്കുറസി കപ്പ് പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വാഗമണ്ണിനെ കേരളത്തിലെ പാരാഗ്ലൈഡിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റും. ഇതിനായുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് കേരള അഡ്വഞ്ചർ ടൂറിസം സൊസൈറ്റിക്ക് എല്ലാവിധ പിന്തുണയും നൽകും. ടൂറിസം രംഗത്ത് കോവിഡിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ആക്ടിവിറ്റികളിൽ ഒന്നാണ് സാഹസിക ടൂറിസം. ഇത്തരം കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കി എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ സർക്കാർ നടപ്പാക്കുകയാണ്. ഭാവിയിൽ സാഹസിക ടൂറിസത്തിന് വലിയ സാധ്യതകളാണ് ഉള്ളതെന്ന് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന് അനുയോജ്യമായ നാടാണ് കേരളം. കടലുകൾ, മലയോര മേഖലകൾ, ബീച്ചുകൾ, ഇടനാടുകൾ തുടങ്ങിയവയെല്ലാം സാഹസിക ടൂറിസത്തിന് പ്രകൃതിദത്തമായ വേദികളാണ്. അതിനാലാണ് സാഹസിക ടൂറിസത്തിന്റെ സാധ്യതകളെ ഫലപ്രദമായി വിനിയോഗിക്കാൻ സർക്കാർ ശ്രമിക്കുന്നത്.  വർക്കലയിലെ സർഫിംഗ് മത്സരങ്ങൾ, അന്താരാഷ്ട്ര കയാക്കിംഗ് മത്സരങ്ങൾ, വയനാട് മൗണ്ടൻ ടെറൈൻ ബൈക്കിംഗ് ചാമ്പ്യൻഷിപ്പ് എന്നിവ കേരളത്തിലെ ഈ മേഖലയിലെ മുതൽക്കൂട്ടാണ്. ട്രെക്കിംഗ്,, ഹൈക്കിംഗ് പാതകളുടെ മാപ്പ് തയാറാക്കാനും വകുപ്പിന് പദ്ധതിയുണ്ട്.
കോവിഡിന് ശേഷം 2022, 23, 24 വർഷങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണുണ്ടായിട്ടുള്ളത്. ആഭ്യന്തര സഞ്ചാരികൾ ഏറ്റവുമധികം എത്തിയ വർഷമാണ് 2024. ഈ വർഷം റെക്കോഡ് മറികടക്കുമെന്നും മന്ത്രി പറഞ്ഞു. 2024 ൽ 2,22, 46, 989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയത്. കോവിഡിന് മുൻപുള്ള കാലത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ വർത്തണിയാണിത്. 7, 38, 374 വിദേശ സഞ്ചാരികളാണ് 2024 ൽ കേരളത്തിലെത്തിയത്. 2023 നെ അപേക്ഷിച്ച് 13.76 ശതമാനം വർധന . കോവിഡിനു ശേഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വലിയ കുതിച്ചുചാട്ടമുണ്ടായി. ഇതിന് നേതൃത്വം നൽകിയ ജില്ല ഇടുക്കിയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയും അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് സംഘടനയുടെയും ഏറോ ക്ലബ്  ഓഫ് ഇന്ത്യയുടെയും സാങ്കേതിക സഹായത്തോടെയുമാണ് വാഗമണ്‍  ഇന്റര്‍നാഷണല്‍ ടോപ് ലാന്‍ഡിംഗ്  ആക്കുറസി കപ്പ് സംഘടിപ്പിച്ചത്.
വാഴൂര്‍ സോമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി ജോസഫ്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ്, ത്രിതല പഞ്ചായത്തംഗങ്ങളായ കെ.ടി ബിനു, സിനി വിനോദ്, ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ജി. എല്‍. രാജീവ്, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ഷൈന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിതീഷ് ജോസ്, വാർഡംഗങ്ങളായ പ്രദീപ് കുമാർ, എബിൻ ബേബി, മായാ സുജി, ഷൈൻ കുമാർ, ഡി ടി പി സി ഗവേണിംഗ് ബോഡി അംഗം വി. സജീവ് കുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രിൻസ് മാത്യു, കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.