* ആകെ 250 ആയുഷ് സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച്. അംഗീകാരം; എല്ലാം നേടിയത് ഈ സർക്കാരിന്റെ കാലത്ത്

സംസ്ഥാനത്തെ 100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.എ.ബി.എച്ച്. ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ 61 ആയുർവേദ ഡിസ്‌പെൻസറികൾക്കും ഒരു സിദ്ധ ഡിസ്‌പെൻസറിക്കും ഹോമിയോപ്പതി വകുപ്പിലെ 38 ഡിസ്‌പെൻസറികൾക്കുമാണ് എൻ.എ.ബി.എച്ച്. അംഗീകാരം ലഭ്യമായിരിക്കുന്നത്. ആദ്യഘട്ടത്തിൽ 150 സർക്കാർ ആയുഷ് സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച്. അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ ആകെ 250 ആയുഷ് സ്ഥാപനങ്ങൾക്കാണ് എൻ.എ.ബി.എച്ച്. അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇവയെല്ലാം തന്നെ ഈ സർക്കാരിന്റെ കാലത്താണ് എൻ.എ.ബി.എച്ച്. അംഗീകാരം നേടിയത്.

എൻ.എ.ബി.എച്ച്. അംഗീകാരം ലഭിക്കുന്നതോടെ ആയുഷ് ആരോഗ്യ സേവന രംഗത്ത് മികച്ച ഗുണനിലവാരം ഉറപ്പുവരുത്താൻ സാധിക്കുമെന്ന് മാത്രമല്ല സംസ്ഥാനത്തെ ആരോഗ്യ ടൂറിസം രംഗത്തിനും മുതൽക്കൂട്ടാകും. ആരോഗ്യ സ്ഥാപനങ്ങൾ വിവിധ ഗുണമേന്മാ മാനദണ്ഡങ്ങൾ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എൻ.എ.ബി.എച്ച്. സർട്ടിഫിക്കേഷനിലൂടെ ലഭിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, രോഗീ സൗഹൃദം, രോഗീ സുരക്ഷ, ഔഷധഗുണമേന്മ, അണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടർന്നാണ് എൻ.എ.ബി.എച്ച്. അംഗീകാരം ലഭ്യമായത്.

സംസ്ഥാനത്തെ മുഴുവൻ ആയുഷ് ആരോഗ്യ സ്വാസ്ത്യ കേന്ദ്രങ്ങളെയും നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ ഘട്ടം ഘട്ടമായി എൻ.എ.ബി.എച്ച്. സർട്ടിഫിക്കേഷനിലേക്ക് നയിക്കുവാൻ സർക്കാർ തീരുമാനിച്ചതിന്റെ തുടർ പ്രവർത്തനങ്ങൾ നടന്നുവരുന്നു. അടുത്ത ഘട്ടത്തിൽ 250 പ്രാഥമിക സ്ഥാപനങ്ങളെയും 6 ആയുഷ് ആശുപത്രികളെയും തിരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു.