പുണ്യംപൂങ്കാവനം പദ്ധതിയുടെ മണ്ഡല കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ശബരിമല സന്നിധാനം, നിലയ്ക്കല്‍, പമ്പ, എരുമേലി എന്നിവിടങ്ങള്‍ ശുചിയായി സൂക്ഷിക്കുക, പരിസ്ഥിതിക്ക് കോട്ടം വരാതെ സുരക്ഷിതവും സുഗമവുമായി തീര്‍ഥാടനം നടത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സന്നിധാനത്ത് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറും കൊല്ലം ജില്ലാ ജഡ്ജിയുമായ എം. മനോജ് പദ്ധതിയുടെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. മാലിന്യങ്ങള്‍ അലക്ഷ്യമായി എറിയുന്ന ശീലത്തില്‍ നിന്ന് ചവറ്റുകുട്ടയില്‍ നിക്ഷേപിക്കാനുള്ള ശീലം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത് പദ്ധതിയുടെ വിജയമാണെന്ന്് അദ്ദേഹം പറഞ്ഞു.
ആറാം വര്‍ഷമാണ് പുണ്യപൂങ്കാവനം പദ്ധതി പ്രകാരം ശബരിമലയില്‍ ശുചീകരണപ്രവര്‍ത്തനം നടത്തുന്നത്. ദേശീയ സേനകളായ എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, സംസ്ഥാനപോലീസ്, ഫയര്‍ഫോഴ്‌സ്, എസ്.ബി.ഐ, സന്നദ്ധപ്രവര്‍ത്തകര്‍, ദേവസ്വം ജീവനക്കാര്‍, തീര്‍ഥാടകര്‍ എന്നിവരടങ്ങുന്ന സംഘമാണ് ശുചീകരണത്തിന് രംഗത്തുള്ളത്. തീര്‍ഥാടനകാലത്ത് ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കള്‍ പ്രകൃതിക്ക് ഹാനികരമാകുന്നത് തടയുന്നതിനാണ് പദ്ധതി മുഖ്യമായും ലക്ഷ്യമിടുന്നത്. വലിയ തോതില്‍ നിക്ഷേപിക്കപ്പെടുന്ന ഇത്തരം മാലിന്യങ്ങള്‍ വനമേഖലയിലെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണ.് ഇത് ഫലപ്രദമായി തടയുന്നതിന് പുണ്യംപൂങ്കാവനം പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. ചവറ്റുകുട്ടയില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ശീലം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത് ബോധവല്‍ക്കരണം തീര്‍ഥാടകരില്‍ ഫലപ്രദമായി എത്തിക്കാന്‍ പുണ്യംപൂങ്കാവനം പദ്ധതിയിലൂടെ കഴിഞ്ഞിട്ടുള്ളതിന്റെ ലക്ഷണമാണ്. എന്‍.ഡി.ആര്‍.എഫ് ഡെപ്യൂട്ടി കമ്മാന്‍ഡന്റ് ജി.വിജയന്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമ്മാന്‍ഡന്റുമാരായ ജി. ദിനേശ്, എസ്. ശിങ്കാരവേല്‍, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ഐ.എം. വിജയന്‍, പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.