സുസ്ഥിര ഗതാഗതത്തിന്റെ പുതിയ വഴിത്തിരിവായി സംസ്ഥാനം അവതരിപ്പിച്ച രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് കൊച്ചി വാട്ടർമെട്രോ. സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം എന്ന റെക്കോർഡ് നേട്ടത്തിലാണ് വാട്ടർമെട്രോ.

പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായ വാട്ടർമെട്രോ വിനോദസഞ്ചാരികൾക്ക് പുറമെ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർമെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്നു. ഇന്ത്യയിലെ 17 സ്ഥലങ്ങളിൽ കൂടി കൊച്ചി വാട്ടർമെട്രോ മാതൃകയാക്കി കൊണ്ടുള്ള പദ്ധതി ആരംഭിക്കാനുള്ള സാധ്യതാപഠനം നടക്കുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് അഭിമാനകരമാണ്.

ഇലക്ട്രിക് ബോട്ടുകൾ ഉപയോഗിച്ച്, കൊച്ചിയടക്കമുള്ള ജലപാതകളിൽ ഒരു സമ്പൂർണ്ണ ഗതാഗത സജ്ജീകരണവും സമാനമായ ഡോക്കിംഗ് സിസ്റ്റങ്ങളും സ്ഥാപിക്കുന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 75ലേറെ ഇ-ബോട്ടുകൾ, 15 റൂട്ടുകളിലായി 75 കിലോമീറ്ററോളം ദൈർഘ്യമേറിയ സർവീസാണ് മെട്രോ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ 17 ബോട്ടുകൾ അഞ്ച് റൂട്ടുകളിലാണ് സർവ്വീസ് നടത്തുന്നത്. ഇതിലൂടെ, കൊച്ചിയിൽ നിന്ന് പരിസര പ്രദേശങ്ങളിലേക്കുള്ള യാത്രകൾ പരിസ്ഥിതിക്ക് അനുയോജ്യമായ വിധത്തിൽ കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കാം. കൊച്ചിയുടെ നിലവിലുള്ള മെട്രോ സിസ്റ്റം, ബസ്സുകൾ തുടങ്ങിയ വിവിധ ഗതാഗത സംവിധാനങ്ങളുമായി ഏകോപനത്തോടെയാണ് വാട്ടർ മെട്രോ പ്രവർത്തിക്കുന്നത്. യാത്രാസമയം ട്രാക്കിംഗ്, ഓൺലൈൻ ടിക്കറ്റ് , മികവാർന്ന ഷെഡ്യൂളിംഗ് തുടങ്ങിയ സാങ്കേതിക മികവും മെട്രോയുടെ ആകർഷണമാണ്.

വളരെ പെട്ടെന്നുതന്നെ കൊച്ചി വാട്ടർമെട്രോ സർവീസ് വിപുലീകരിക്കാനും കൂടുതൽ ടെർമിനലുകളുടെ ഉദ്ഘാടനം പൂർത്തിയാക്കാനും സർക്കാരിനു സാധിച്ചു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്, ജി 20 ഉദ്യോഗസ്ഥ ഉച്ചകോടിക്കെത്തിയവരും വാട്ടർ മെട്രോയെ പ്രശംസിച്ചിരുന്നു. പരിസ്ഥിതി സൗഹൃദമായ എന്നാൽ അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്ന ഈ കേരള മോഡൽ കേന്ദ്രസർക്കാർ പരസ്യങ്ങളിൽ വരെ ഉപയോഗിക്കപ്പെടുന്നു.