സംസ്ഥാന പുരാരേഖാ വകുപ്പ് പ്രസിദ്ധീകരിച്ച ‘എവല്യൂഷൻ ഓഫ് മെന്റൽ ഹെൽത്ത് കെയർ ഇൻ ട്രാവൻകൂർ’ എന്ന പുസ്തകം പുരാരേഖാ പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആന്റണി രാജു എം.എൽ.എയ്ക്ക് നൽകി പ്രകാശനം ചെയ്തു.

ചരിത്രകാരന്മാർക്കും ഗവേഷകർക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ പുസ്തകം വളരെയേറെ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ചരിത്രത്തിന്റെ ആഖ്യാനം മാത്രമല്ല, അതിനപ്പുറത്ത് വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒരു കാലഘട്ടത്തിന്റെ ഭൂതകാല സ്മരണകളാണ് ഈ പുസ്തകത്തിലുള്ളത്.

മാനസികാരോഗ്യം പരിപോഷിപ്പിക്കേണ്ടത് വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും പ്രധാനമാണ്. മാനസിക ബുദ്ധിമുട്ടുകൾ ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്നു. തിരുവിതാംകൂർ കാലം മുതൽക്കേ മാനസിക ആരോഗ്യത്തിനും ചികിത്സയ്ക്കും ഇവിടെ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. എന്താണ് നമ്മുടെ നാടിന്റെ ചരിത്രമെന്നും അത് സൃഷ്ടിച്ച ചരിത്രകാരന്മാർ ആരാണെന്നും പുതിയ തലമുറയിലുള്ളവർ മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂറിലെ മാനസികാരോഗ്യ മേഖലയുടെ പരിണാമത്തിന്റെ ചരിത്രപശ്ചാത്തലം പറയുന്ന പുസ്തകം തയ്യാറാക്കിയത് സാമൂഹ്യ നീതി വകുപ്പ് ഇൻഫർമേഷൻ ആൻഡ് റിസർച്ച് ഓഫീസർ ഡോ. കെ. ലക്ഷ്മിയാണ്.

തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ പുരാരേഖാ വകുപ്പ് ഡയറക്ടർ-ഇൻ-ചാർജ് പാർവതി എസ് സ്വാഗതം പറഞ്ഞു. ഡോ. കെ. ലക്ഷ്മി പുസ്തകപരിചയം നടത്തി. തൈക്കാട് വാർഡ് കൗൺസിലർ ജി. മാധവദാസ്, പാളയം വാർഡ് കൗൺസിലർ പാളയം രാജൻ, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ പി.എസ്. മഞ്ജുളാദേവി, സാംസ്‌കാരികകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സുഭാഷിണി തങ്കച്ചി പി. തുടങ്ങിയവർ സംസാരിച്ചു.