*ലോക എയ്ഡ്‌സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
 എയ്ഡ്‌സ് രോഗം ബാധിച്ചവരോടും അവരുടെ കുടുബാംഗങ്ങളോടും സഹാനുവര്‍ത്തിത്വത്തോടെ ഇടപെടാന്‍ സമൂഹം തയ്യാറാവണമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. എയ്ഡ്‌സ് ബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക, അവര്‍ക്ക് ആവശ്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. രോഗബാധിതര്‍ക്ക് മാനസികമായ കരുത്ത് നല്‍കാന്‍ സമൂഹം തയ്യാറായാലേ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയം കാണുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ലോക എയ്ഡ്‌സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം വിജെടി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
    സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും ശാസ്ത്രീയമല്ലാത്ത രക്തസ്വീകരണത്തിലൂടെയുമാണ് എയ്ഡ്‌സ് രോഗം പകരുന്നത്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചാലോ ഒരുമിച്ചു ജീവിച്ചാലോ ഈ രോഗം പകരുകയില്ല. എന്നാല്‍ എയ്ഡ്‌സ് അണുബാധയെക്കുറിച്ച് സംശയമുണ്ടാകുമ്പോഴേക്കും അണുബാധ സംശയിക്കുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും ശത്രുക്കളായി പ്രഖ്യാപിക്കുകയാണ് സമൂഹം. ഇത് മനുഷ്യത്വപരമല്ല. നല്ല ചികിത്സയും മാനസിക പിന്തുണയും ലഭ്യമാക്കിയാല്‍ അണുബാധയുടെ വീര്യം കുറച്ച് രോഗബാധിതരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും. ഇതിന് വ്യാപകമായ ബോധവത്കരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. എയ്ഡ്‌സ് രോഗ ബാധിതരെ പുനരധിവസിപ്പിക്കാനും കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാനും വേണ്ട നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്റെ ആരോഗ്യം എന്റെ അവകാശം എന്ന ഐക്യരാഷ്ട്രസഭയുടെ ഈ വര്‍ഷത്തെ സന്ദേശം ജനങ്ങള്‍ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
    പാളയം വാര്‍ഡ് കൗണ്‍സിലര്‍ ഐഷാ ബേക്കര്‍  അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. സരിത ആര്‍.എല്‍., സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, ഐഎംഎ ഭാരവാഹികളായ ഡോ. സുള്‍ഫി, ഡോ.പ്രദീപ്കുമാര്‍, സാല്‍വേഷന്‍ ആര്‍മി ടെറിറ്റോറിയല്‍ കമാന്‍ഡര്‍ കേണല്‍ നിഹാല്‍, സിപികെ പ്ലസ് പ്രസിഡന്റ് ജോസഫ് മാത്യു, സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ രശ്മി മാധവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.