കൊല്ലം: അമൃത് നഗരം പദ്ധതിയുടെ ഭാഗമായി കൊല്ലം കോര്‍പ്പറേഷനില്‍ ദുരന്ത നിവാരണത്തിന് വിദ്യാര്‍ഥികളുടെ സേന തയ്യാറാകുന്നു. ഓരോ സ്‌കൂളിലും 100 കുട്ടികള്‍ക്കുവരെയാണ് പരിശീലനം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ നഗരത്തിലെ അഞ്ച് സ്‌കൂളുകള്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമാകുക. ദുരന്ത-അപകടഘട്ടങ്ങളിലെ പ്രവര്‍ത്തനം, പ്രഥമ ശുശ്രൂഷ നല്‍കല്‍ തുടങ്ങിയവയിലാണ് പരിശീലനം. മോക് ഡ്രില്ലിലൂടെ പ്രായോഗിക പരിചയം നേടാനും അവസരമുണ്ടാകും.
കൊല്ലം സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളില്‍ നടന്ന പരിശീലന പരിപാടി മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. നഗരപരിധിയിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ദുരന്തനിവാരണത്തില്‍ ഘട്ടം ഘട്ടമായി പരിശീലനം നല്‍കുമെന്ന് മേയര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷയായി. കോര്‍പ്പറേഷന്‍ സെക്രട്ടറി വി.ആര്‍. രാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ഫയര്‍ ഓഫീസര്‍ ബി. സുരേഷ്‌കുമാര്‍, ദുരന്ത നിവാരണ കണ്‍സള്‍ട്ടന്റ് നീതു തോമസ്, അമൃത് പദ്ധതി ഉദേ്യാഗസ്ഥരായ സന്തോഷ്, സജി. കെ. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാനത്തെ അമൃത് നഗരങ്ങളില്‍ ആദ്യമായി സ്‌കൂള്‍ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്ന കോര്‍പ്പറേഷനാണ് കൊല്ലം. ആദ്യഘട്ടത്തില്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ്, ഗവണ്‍മെന്റ് ഗേള്‍സ്, ക്രേവണ്‍, വിമല ഹൃദയ എന്നീ സ്‌കൂളുകളും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.