മാധ്യമ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മിഷൻ തയ്യാറാക്കിയ മാധ്യമങ്ങളും കുട്ടികളുടെ സ്വകാര്യതയും എന്ന കൈപ്പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കമാർ അംഗങ്ങളായ എൻ.സുനന്ദ, ജലജമോൾ റ്റി.സി, സിസിലി ജോസഫ്, ഡോ.എഫ്.വിൽസൺ, കെ.കെ.ഷാജു, ബി.മോഹൻകുമാർ സെക്രട്ടറി എച്ച് നജീവ് എന്നിവർ പങ്കെടുത്തു. കേരളത്തിലെ കുട്ടികളുടെ അന്തസ്സും സ്വകാര്യതയും ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധപുലർത്തുന്ന എല്ലാ മാധ്യമ പ്രവർത്തകർക്കും, ജേണലിസം വിദ്യാർഥികൾക്കും പുതുതായി മാധ്യമ പ്രവർത്തന രംഗത്തേക്ക് പ്രവേശിക്കുന്നവർക്കുമായാണ് കൈപ്പുസ്തകം.
ആരാണ് കുട്ടി, കുട്ടികളുടെ അവകാശങ്ങൾ, നിയമങ്ങളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട വ്യവസ്ഥകൾ, കുട്ടികളുടെ സംരക്ഷണത്തിനും പരിചരണത്തിനും സ്വകാര്യതക്കുമുള്ള പൊതു തത്വങ്ങൾ, പോക്സോ അതിജീവിതരുമായുള്ള അഭിമുഖവും റിപ്പോർട്ടിംഗും നടത്തുമ്പോൾ മാധ്യമങ്ങൾ പാലിക്കേണ്ട കാര്യങ്ങളും പുസ്തകത്തിൽ പരാമർശിക്കുന്നു. കാണാതായ കുട്ടികളെ കുറിച്ചുള്ള റിപ്പോർട്ടിംഗും അഭിമുഖവും ദുരന്താനന്തര റിപ്പോർട്ടിംഗിൽ പാലിക്കേണ്ട കാര്യങ്ങളും വാർത്തകളിൽ ഒഴിവാക്കേണ്ട പ്രയോഗങ്ങളും അതിജീവിതരായ കുട്ടികളുമായുള്ള അഭിമുഖം ചെയ്യാവുന്നതും ചെയ്യരുതാത്തതും, ഓൺലൈൻ-സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരാമർശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമാക്കുന്നു.