വിപുലമായ ലഹരിവിരുദ്ധ പരിപാടികളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്
ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് ‘ബോധപൂർണ്ണിമ’ സംസ്ഥാനതല കർമ്മപദ്ധതിയുടെ ഉദ്ഘാടനവും ജൂൺ 26ന് ലഹരിവിരുദ്ധ ദിനാചരണവും സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. സെക്രട്ടറിയേറ്റ് ലയം ഹാളിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ കലാലയങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാങ്കേതിക, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റുകളുടെ ആഭിമുഖ്യത്തിൽ വിപുലമായ പ്രചാരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങളുടെ തുടർച്ചയായാണ് ഈ കർമ്മപദ്ധതിക്ക് അന്തിമരൂപം നൽകിയിരിക്കുന്നത്.
ജൂൺ 26ന് രാവിലെ 9:30ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവ്വകലാശാലകളോടും കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിനോടും അഫിലിയേറ്റ് ചെയ്ത എല്ലാ കലാലയങ്ങളിലും ലഹരിവിരുദ്ധ പ്രതിജ്ഞ നടക്കും. അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പ്രതിജ്ഞയെടുക്കും. തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ലഹരിവിരുദ്ധ ദിനാചരണം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഡോ. സുധീർ സ്വാഗതം ആശംസിക്കും.
ജൂൺ 26 വൈകിട്ട് 3:30ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കർമ്മപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നതോടെ കലാലയങ്ങളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമാകും. ഈ പരിപാടികൾ ഓൺലൈനിൽ തത്സമയം വീക്ഷിക്കാനും ഇതിൽ പങ്കാളികളാകാനും എല്ലാ കലാലയങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് ടീമുകൾ ബസ് സ്റ്റാൻഡുകൾ, പ്രധാന ജംഗ്ഷനുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്. ലഹരിവിരുദ്ധ ദിനത്തിൽ എല്ലാ ക്ലാസുകളിലും വിദ്യാർത്ഥികളുടെ സഭകൾ ചേർന്ന് മയക്കുമരുന്നിന്റെ ഉപയോഗവും വ്യാപനവും തടയുന്നതിനെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കും. ലഹരിവിമുക്ത ക്യാമ്പസിനായുള്ള മാസ്റ്റർ പ്ലാൻ എല്ലാ സ്ഥാപനങ്ങളോടും തയ്യാറാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ മാസ്റ്റർ പ്ലാൻ 26ന് ക്ലാസ്സ് സഭകളിൽ ചർച്ച ചെയ്യും.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല കർമ്മപദ്ധതി പ്രഖ്യാപനത്തിന് മുന്നോടിയായി 25ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ‘ബോധപൂർണ്ണിമ’ നോഡൽ ഓഫീസർമാരുടെ സംസ്ഥാനതല പരിശീലന പരിപാടിയും സമ്പൂർണ്ണ ഹരിത ക്യാമ്പസ് പ്രഖ്യാപനവും നടക്കും. അടുത്ത അധ്യയനവർഷത്തേക്കുള്ള കർമ്മപദ്ധതിയുടെ പ്രഖ്യാപനവും പരിശീലന പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.
ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജയപ്രകാശ് പി. സ്വാഗതമാശംസിക്കും. ലഹരിവിരുദ്ധ ക്യാമ്പസ് പ്രതിരോധ ശൃംഖല, ബോധവൽക്കരണ ക്വിസ്, പ്രതിജ്ഞ, ഹെൽപ്പ് ലൈൻ സംവിധാനം, ക്യാമ്പസ് ജാഗ്രതാ സമിതി രൂപീകരണം, കൗൺസലിംഗ് സഹായം, കലാസാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെട്ട കർമ്മപദ്ധതി നോഡൽ ഓഫീസർ ജയൻ പി. വിജയൻ അവതരിപ്പിക്കും.
സർക്കാർ, എയ്ഡഡ്, സെൽഫ് ഫിനാൻസിംഗ് എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക് കോളേജുകൾ, ടെക്നിക്കൽ ഹൈസ്കൂളുകൾ, സർക്കാർ കൊമേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഫൈൻ ആർട്സ് കോളേജുകൾ, ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിലെ സ്ഥാപനതല നോഡൽ ഓഫീസർമാരും ആസാദ് സേന വളണ്ടിയർമാരും പരിശീലന പരിപാടിയിൽ പങ്കെടുക്കും.
ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ സൈക്യാട്രി മെഡിക്കൽ ഓഫീസർ ഡോ. എൻ. സുഭാഷ്, ക്യാമ്പസുകളിലെ ലഹരി ആഭിമുഖ്യം ഫലപ്രദമായി എങ്ങനെ നിയന്ത്രിക്കാം എന്ന വിഷയത്തിൽ ക്ലാസെടുക്കും. തുടർ പ്രവർത്തനങ്ങൾ ലഹരിവിരുദ്ധ ദിനാചരണത്തിന് ശേഷം കലാലയങ്ങളിൽ നിരവധി തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഒന്നാം വർഷ വിദ്യാർത്ഥികൾ പ്രവേശിക്കുമ്പോൾ, ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്നും ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്നും സത്യവാങ്മൂലം എഴുതി വാങ്ങി വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും ഒപ്പ് രേഖപ്പെടുത്തി സൂക്ഷിക്കും. സീനിയർ വിദ്യാർത്ഥികളിൽ നിന്നും സമാനമായ സത്യവാങ്മൂലം ശേഖരിക്കും.
ലഹരിവിരുദ്ധ ആശയം ഉൾക്കൊള്ളിച്ചുള്ള സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ ആരംഭിക്കും. പോസ്റ്ററുകൾ, കാർട്ടൂണുകൾ, ട്രോളുകൾ, റീൽസ്, വീഡിയോകൾ എന്നിവ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. ‘No To Drugs’ എന്ന പേരിൽ വെബ്സൈറ്റ്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകൾ എന്നിവ രൂപീകരിച്ച് പ്രചരിപ്പിക്കാനുള്ള സംവിധാനവും ഒരുക്കും.
സാഹിത്യ-കലാ പരിപാടികളും ഈ പ്രവർത്തനങ്ങളുടെ ഭാഗമാകും. കവിതാ പാരായണം, കഥാ പാരായണം, ലഘുനാടകം, സ്കിറ്റ് തുടങ്ങിയവ സംഘടിപ്പിക്കും. കവിത, കഥ, ലേഖനം, ലഘുനാടകം, പോസ്റ്റർ നിർമ്മാണം, ഹ്രസ്വചിത്ര നിർമ്മാണം എന്നിവയിൽ ലഹരിവിരുദ്ധ സന്ദേശം മുൻനിർത്തി മത്സരങ്ങളും നടത്തും. നാഷണൽ സർവ്വീസ് സ്കീമിന്റെ (NSS) ആഭിമുഖ്യത്തിൽ രൂപീകരിച്ച ‘ആസാദ് സേന’ ലഹരിവിരുദ്ധ തുടർ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. എക്സൈസ് വകുപ്പിന്റെ സഹായത്തോടെ എല്ലാ ക്യാമ്പസുകളിലും ‘വിമുക്തി ക്ലബ്ബുകൾ’ സ്ഥാപിക്കും. ‘ശ്രദ്ധ’, ‘നേർക്കൂട്ടം’ എന്നീ പരിപാടികൾ സർവ്വകലാശാലകളിലും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളേജുകളിലും ആരംഭിക്കും.
ലഹരിവിമുക്ത കോളേജ് സംരക്ഷണ സമിതി എന്ന പേരിൽ കോളേജുകളിലും, ലഹരിവിമുക്ത സർവ്വകലാശാലാ കാമ്പസ് സംരക്ഷണ സമിതി എന്ന പേരിൽ സർവകലാശാലകളിലും ജാഗ്രതാ സമിതികൾ രൂപീകരിക്കും. ഓരോ മാസവും ഈ സമിതികളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. എൻ.എസ്.എസ്., എൻ.സി.സി., വിമുക്തി ക്ലബ്, പി.ടി.എ. എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കും.
ഹോസ്റ്റലുകളിൽ വാർഡൻ ചെയർപേഴ്സണായി ലഹരിവിരുദ്ധ പ്രചാരണ ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഉറപ്പാക്കും. സ്ഥാപനം, സർവ്വകലാശാല, സംസ്ഥാനം എന്നീ തലങ്ങളിൽ ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളിച്ചുള്ള രചനാ മത്സരങ്ങളും പോസ്റ്റർ നിർമ്മാണ മത്സരങ്ങളും ഹ്രസ്വചിത്ര നിർമ്മാണ മത്സരങ്ങളും നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരള സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ്. ടെക്നിക്കൽ സെൽ പോളിടെക്നിക് ക്യാമ്പസുകളിൽ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. സംസ്ഥാനത്തെ 101 പോളിടെക്നിക്കുകളിൽ 99 എണ്ണവും ഹരിതകേരളം മിഷന്റെ ഹരിത ക്യാമ്പസ് അംഗീകാരം കരസ്ഥമാക്കിയിട്ടുണ്ട്. ഈ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് പോളിടെക്നിക്കുകളിലെ എൻ.എസ്.എസ്. ടെക്നിക്കൽ സെല്ലിനുള്ള പ്രശംസാപത്രം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറുമെന്നും മന്ത്രി അറിയിച്ചു.