ആലപ്പുഴ: 59ാമത് ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവത്തിന്റെ മത്സരഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത് അതിവേഗത്തിൽ.സ്കൂളുകളിൽ വിവര സാങ്കേതിക വിദ്യാ പരിശീലനം നൽകുന്ന ഐ.ടി അറ്റ് സ്കൂൾ അദ്ധ്യാപകരുടെ 12 പേരടങ്ങുന്ന സംഘമാണ് ഫലപ്രഖ്യാപനം വേഗമാക്കിയത്. . ആറു കംപ്യൂട്ടറുകളുപയോഗിച്ച് ഫലം തത്സമയം അപ്ലോഡ് ചെയ്യുന്ന രീതിയാണ് അധ്യാപകർ അവലംബിച്ചത്.
മത്സര ഫലങ്ങൾ നവമാധ്യമങ്ങിലൂടെ പുറംലോകത്തെത്തിക്കാൻ പ്രത്യേക ഓൺലൈൻ പോർട്ടലും സജ്ജീകരിച്ചിരുന്നു.അതത് സമയത്തെ മത്സര ഫലങ്ങൾ അപ്ലോഡ് ചെയ്യാനായി കലോത്സവം-ആലപ്പുഴ-ബ്ലോഗ് സ്പോട്ട് ഡോട്ട് കോം എന്ന പോർട്ടലുമുണ്ട്.ഫലങ്ങൾ സമയാ സമയങ്ങളിൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിനാൽ ഒന്നിലധികം മത്സരങ്ങളിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കും പോയിന്റ് നിലയിൽ പോരാട്ടം നടത്തുന്ന സ്കൂളുകൾക്കും സബ്ബ് ജില്ലകൾക്കും തുടർന്നുള്ള തയ്യാറെടു്പ്പുകളും എളുപ്പമായി. ഐ.ടി അറ്റ് സ്കൂൾ ജില്ലാ കോർഡിനേറ്റർ രാജേഷ്,മാവേലിക്കര സബ്ബ്-ജില്ലാ ചാർജ്ജ് ഓഫീസർ അഭിലാഷ് എന്നിവരാണ് റിസൾട്ട് പബ്ലിഷിംഗ് കമ്മിറ്റിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയത്.
