ആലപ്പുഴ: ഭരണപരിഷ്‌കാര കമ്മീഷന്റെ പൗരകേന്ദ്രിത സേവനങ്ങൾ സംബന്ധിച്ച
‘പബ്ലിക് ഹിയറിംഗ്’ നവംബർ 30 ന് ആലപ്പുഴ ജില്ലാപഞ്ചായത്ത് ഹാളിൽ നടത്തും. രാവിലെ 10 ന് ചേരുന്ന ചടങ്ങിൽ കമ്മീഷൻ ചെയർമാൻ വി. എസ്. അച്യുതാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന്, ഉച്ചക്ക് ഒരു മണിവരെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും സ്വികരിക്കുന്ന ‘പൊതുജനങ്ങളെ കേൾക്കൽ’ പരിപാടി നടക്കും. ഉച്ചക്കു ശേഷം 2 മണി മുതൽ 4 മണി വരെ പ്രത്യേക ക്ഷണിതാക്കളുമായി കമ്മീഷൻ ആശയവിനിമയം നടത്തും. സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാരിന്റെ മറ്റ് എജൻസികൾ എന്നിവ വഴിയുള്ള സേവനങ്ങളുടെ നിർവ്വഹണത്തിന്റെ മികവാണ് പഠനവിധേയമാക്കുന്നത്. ഈ സേവന പ്രകിയ പൗരന്മാർക്ക് പ്രാമുഖ്യം നൽകുന്നവിധം പുന:സംവിധാനം ചെയ്യുക എന്നതാണ് കമ്മീഷന്റെ ഉദ്ദേശ്യം. ജനങ്ങളുമായി ദൈനംദിനം ഇടപെടുന്നവകുപ്പുകളായ റവന്യൂ, ആരോഗ്യം, ഗതാഗതം, കൃഷി, തദ്ദേശസ്വയംഭരണംജലവിതരണം , ഭക്ഷ്യസുരക്ഷ, പൊതുവിതരണം, സാമൂഹ്യനീതി, പൊലീസ്, വൈദ്യുതി,തുടങ്ങിയവയുടെ സേവനം സംബന്ധിച്ച പ്രവർത്തനം കമ്മീഷൻ അവലോകനം ചെയ്യും. അഴിമതി, ജനങ്ങളോടുളള സൗമ്യരഹിത പെരുമാറ്റം എന്നിവ മാറ്റി സർക്കാർ വകുപ്പുകളുടെയും മറ്റും സേവന പ്രവർത്തനം സുതാര്യവും ന്യായമായതുമാക്കാനുള്ള നിർദ്ദേശങ്ങൾ കമ്മീഷൻ സ്വരൂപിക്കുന്നുണ്ട്. നിർദ്ദേശങ്ങളും, സേവനങ്ങൾ നൽകുന്നതിൽ നിലവിലുള്ള പോരായ്മ കണ്ടെത്തുക എന്നതുമാണ് കമ്മീഷൻ ഉദ്ദേശിക്കുന്നത്.