ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ വിജയകരമായി മൂന്നാം വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന മെഗാ തൊഴിൽമേളയായ ‘ ദിശ-2018 ‘ ഡിസംബർ എട്ടിന്് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളജിൽ നടത്തും. അൻപതോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ മൂവായിരത്തോളം തൊഴിൽ അവസരങ്ങളുണ്ടാകും. ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്‌നോളോജിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന തൊഴിൽമേള പ്രവർത്തി പരിചയം ഉള്ളവരെയും ഇല്ലാത്തവരെയും ഒരുപോലെ ലക്ഷ്യമിടുന്നതാണ്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഐടിഐ /ഐടിസി മുതൽ ഡിപ്ലോമ ,ബിടെക് ,ബിരുദം,ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം . ആലപ്പുഴയിൽ തന്നെ നിയമനം ആഗ്രഹിക്കുന്നവർക്കും മേളയിൽ അവസരം ഉണ്ടാകും. മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുടെ ആറ് പകർപ്പ് ,സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പ് എന്നിവയുമായി അന്നേദിവസം രാവിലെ 8:30 ന് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ എത്തണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കും മേളയിൽ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കാവും ആദ്യഘട്ട പ്രവേശനം. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയുന്ന എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപെടണം. പ്രായ പരിധി 40 വയസ്.പങ്കെടുക്കുന്ന കമ്പനികളുടെ വിശദവിവരങ്ങൾ ഡിസംബർ ആദ്യവാരം www.employabilitycentre.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും ഫോൺ : 0477-2230624, 8078828780,8078222707.