ആലപ്പുഴ: ചക്കുളത്തുകാവ് ക്ഷേത്രട്രസ്റ്റും ജില്ലാശുചിത്വമിഷനുമായി ചേർന്ന് ഇത്തവണയും പൊങ്കാല ഹരിത സൗഹൃദമാക്കാൻ നടപടി സ്വീകരിക്കുന്നു. പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കിയും മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച്, സംസ്‌കരിച്ചുകൊണ്ടും ഭക്തജനപങ്കാളിത്തത്തോടെ പ്രകൃതിയോടിണങ്ങിക്കൊണ്ടുള്‌ള പൊങ്കാല നടത്തുന്നതിനാണ് ശ്രമിക്കുന്നത്. ഭക്തജനങ്ങൾ പ്ലാസ്റ്റിക് കിറ്റുകൾ, കുപ്പിവെളളം, ഡിസ്‌പോസിബിൾ വസ്തുക്കൾ എന്നിവ കൊണ്ടുവരുന്നത് പൂർണ്ണമായും ഒഴിവാക്കണം. പൊങ്കാലയിടുന്നവർ ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ബിന്നുകളിൽ തന്നെ നിക്ഷേപിക്കണം. കുടിവെളള വിതരണത്തിനായി പ്രകൃതി സൗഹൃദ തണ്ണീർപ്പന്തലുകൾ നിശ്ചിത അകലത്തിൽ ഉണ്ടായിരിക്കുന്നതാണ്. പൊങ്കാലയ്ക്കുശേഷം ഇഷ്ടിക, ചാരം മറ്റ് മാലിന്യങ്ങൾ എന്നിവ അന്നേദിവസം തന്നെ ശേഖരിച്ച് മാറ്റുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പൊങ്കാലയുടെ സുഗമമായ നടത്തിപ്പിന് ഹരിത വാളണ്ടിയർമാരും ഉണ്ടാകും.