പനമരം ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച 16 വീടുകളുടെ സമർപ്പണം 25ന്
വയനാട്: പനമരം ഗ്രാമപഞ്ചായത്തിൽ 16 കുടുംബങ്ങൾക്ക് തണലൊരുക്കി വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന തണൽ സന്നദ്ധ സംഘടന. പ്രളയബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായാണ് പനമരം പഞ്ചായത്തിലെ പാലുകുന്നിൽ സ്ഥലം വാങ്ങി 16 വീടുകൾ നിർമ്മിച്ചത്. വീടുകളുടെ സമർപ്പണം നവംബർ 25ന് ഒ.ആർ. കേളു എം.എൽ.എ. നിർവ്വഹിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ എ.ആർ. അജയകുമാർ, പഞ്ചായത്ത് അദ്ധ്യക്ഷൻമാർ, സാമൂഹിക-രാഷ്ട്രീയ മേഖലകളിലുള്ള പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
പുനരധിവാസം എത്രയും വേഗം സാധ്യമാക്കുന്നതിനായി 45 ദിവസം കൊണ്ടാണ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. പനമരം പഞ്ചായത്തിലെ പതിനാറു വീടുകൾക്കു പുറമെ വയനാട്ടിലെ തന്നെ പൊഴുതന പഞ്ചായത്തിൽ ഒന്നും മാനന്തവാടി മുൻസിപ്പാലിറ്റിയിൽ നാലും തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിൽ പത്തും ഇടുക്കിയിൽ പതിനഞ്ചും തൃശൂരിൽ നാലും വീടുകൾ തണലിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. അതാതു സ്ഥലങ്ങളിൽ ഗ്രാമപഞ്ചായത്തുകളും ജില്ലാ ഭരണകൂടങ്ങളുമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ പുറംപോക്ക് ഭൂമിയിൽ താമസിക്കുന്നവരെ കൂടി പുനരധിവസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പനമരം പാലുകുന്നിൽ 60 സെന്റ് സ്ഥലം ഏറ്റെടുത്ത് ഒരു കുടുംബത്തിന് 5.50 ലക്ഷം രൂപ മുതൽ മുടക്കിൽ 460 സ്‌ക്വയർ ഫീറ്റിൽ രണ്ടു കിടപ്പുമുറികളോടുകൂടിയാണ് വീടു നിർമ്മിച്ചത്. കുടിവെള്ള പദ്ധതി, ബയോഗ്യാസ്, ഗതാഗത സംവിധാനം, ഫർണിച്ചർ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഒന്നരക്കോടി ചെലവിലാണ് പനമരം പാലുകുന്നിലെ പദ്ധതി പൂർത്തിയാക്കിയത്.
പ്രദേശങ്ങൾക്കും കാലാവസ്ഥക്കും അനുയോജ്യമായ രീതിയിലാണ് വീടുകളുടെ നിർമ്മാണവും ഡിസൈനും. മറ്റു പരമ്പരാഗത വീടുകളിൽ നിന്ന് വ്യത്യസ്ഥമായി പ്രകൃതി ദുരന്തങ്ങളെ തുടർന്നുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുകയും ചെയ്യും. വെള്ളപ്പൊക്ക കെടുതികളെ നേരിടുന്നതിന് ഫ്രീ ഫാബ് വീടുകളാണ് പനമരത്തും പൊഴുതനയിലും നിർമ്മിച്ചത്. ഫില്ലറുകളിൽ തീർത്ത തറനിരപ്പിൽ ജിഐ പൈപ്പുപയോഗിച്ച് വി പാനൽ ചുവരുകൾ നിർമ്മിച്ച് വി ബോർഡ് സീലിംഗും ഓടും മേഞ്ഞ മേൽക്കൂരയും കൊണ്ട് മനോഹരമാക്കിയ പ്രകൃതി സൗഹൃദ വീടുകൾ കാലങ്ങളോളം നിലനിൽക്കുന്നവയുമാണ്. കൂടാതെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി നിർമ്മിക്കാനും കഴിയും.
ആദ്യഘട്ടത്തിൽ പ്രളയബാധിത ജില്ലകളിൽ തണലിന്റെ നേതൃത്വത്തിൽ താൽകാലിക ഷെൽട്ടറുകൾ ഒരുക്കുകയും വീട്ടുപകരണങ്ങളും ഭക്ഷണവും എത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ വീടുകളും കുടിവെള്ള സ്രോതസ്സുകളും വൃത്തിയാക്കുകയും ചെയ്തിരുന്നു. നൂറോളം വീടുകൾ അറ്റകുറ്റം ചെയ്ത് ക്യാമ്പുകളിൽ നിന്ന് തിരിച്ചെത്തിയവർക്ക് താമസ സൗകര്യം ഒരുക്കി. പുനരധിവാസത്തിന്റെ രണ്ടാംഘട്ടത്തിൽ സ്ഥിര താമസ സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കർണ്ണാടകയിലെ കുടക് ജില്ലയിൽ നൂറും വയനാട് ജില്ലയിൽ എൺപതും തൃശൂർ, എറണാകുളം, പത്തനംതിട്ട, മലപ്പുറം, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിലായി 90 വീടുകളുമടക്കം 270 വീടുകൾ നിർമ്മിച്ചു നൽകാനാണ് തീരുമാനം. പൊഴുതന പഞ്ചായത്തിൽ ഭവന നിർമ്മാണ പ്രവർത്തികൾക്കായി 53 സെൻറ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.