കേരള ലോട്ടറി വകുപ്പ് സംസ്ഥാന ഖജനാവിലേക്ക് വരുമാനം എത്തിക്കുന്നതിനൊപ്പം, ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഉപജീവനമാർഗവും, നിർധനരായ രോഗികൾക്ക് 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയും ഉറപ്പാക്കി രാജ്യത്തിന് തന്നെ മാതൃകയാകുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷവും ശക്തമായ പ്രവർത്തനങ്ങളിലൂടെയും നയപരമായ ഇടപെടലുകളിലൂടെയും കഴിഞ്ഞ അഞ്ച് വർഷകാലയളയവിൽ ലോട്ടറി വകുപ്പ് വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. ഇതര സംസ്ഥാന ലോട്ടറികളുടെ കടന്നുവരവ് തടയാൻ കർശനമായ നിബന്ധനകൾ ഉൾക്കൊള്ളിച്ച് സർക്കാർ നിയമഭേദഗതി നടപ്പാക്കി. ഇത്തരം ടിക്കറ്റുകൾ വിൽക്കുന്നതിൽ നിന്നും കേരള ലോട്ടറി ഏജന്റുമാരെ സർക്കാർ വിലക്കിയിട്ടുണ്ട്. ഇതര സംസ്ഥാന ഭാഗ്യക്കുറികളെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് ഉറപ്പാക്കണമെന്ന കേരളത്തിന്റെ ആവശ്യം ജി.എസ്.ടി കൗൺസിലിൽ പൊതു അംഗീകാരം നേടിയെടുത്തത് വലിയ നേട്ടമാണ്.
ഭാഗ്യക്കുറികളുടെ സമ്മാനങ്ങളുടെ എണ്ണത്തിൽ 65% വർധനവ് വരുത്തി. 2024 ക്രിസ്മസ്, പുതുവത്സര ബമ്പർ ഭാഗ്യക്കുറിയിൽ മാത്രം സമ്മാനങ്ങളുടെ എണ്ണത്തിൽ 3 ലക്ഷം വർധനവ് വരുത്തിയിട്ടുണ്ട്. 2024-ൽ തിരുവോണം ബമ്പറിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനതുക അവതരിപ്പിച്ചു, ഇതിലൂടെ 9.20 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു.
വിൽപന ഡിസ്‌കൗണ്ട് അര ശതമാനം വീതവും, സമ്മാനതുകയിന്മേലുള്ള കമ്മീഷൻ 100 വരെയുള്ള ടിക്കറ്റുകൾക്ക് 20% ആയും, 100-ന് മുകളിലുള്ളവയ്ക്ക് 12% ആയും കൂട്ടി. 2021-ലെ വിഷു ബമ്പർ ‘ലൈഫ് ബമ്പറാ’യാണ് നടത്തിയിരുന്നത്. ഈ ലോട്ടറിയിൽ നിന്നുള്ള ലാഭവിഹിതം ഭവന നിർമ്മാണ സഹായത്തിന് അനുവദിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ 31.41 കോടി രൂപയുടെയും, 2023-24-ൽ 32 കോടി രൂപയുടെയും, 2024-25-ൽ 41.7 കോടി രൂപയുടെയും ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
സ്വന്തമായി കടയോ കച്ചവടസ്ഥാപനമോ ഇല്ലാത്ത ക്ഷേമനിധി അംഗങ്ങൾക്ക് ടിക്കറ്റ് വിൽപനയ്ക്കായി ബീച്ച് അംബ്രലകൾ വിതരണം ചെയ്യുന്നു.
അംഗപരിമിതരായ ക്ഷേമനിധി അംഗങ്ങൾക്ക് ട്രൈ സ്‌കൂട്ടർ വിതരണം, തൊഴിലാളികൾക്ക് യൂണിഫോം വിതരണം, അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ്, അംഗങ്ങൾ മരണപ്പെട്ടാൽ അവകാശിക്ക് മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, പ്രത്യേക ചികിത്സാ പദ്ധതികൾ, വനിതാ അംഗങ്ങൾക്കും അംഗങ്ങളുടെ പെൺമക്കൾക്കും വിവാഹ ധനസഹായം, പ്രസവ ധനസഹായം തുടങ്ങി ഏജന്റ് മരിക്കുന്ന സാഹചര്യമുണ്ടായാൽ, നോമിനിക്ക് ടിക്കറ്റുകൾ സംരക്ഷിച്ചു നൽകാൻ സർക്കാർ ഉത്തരവ് നൽകുകയും സോഫ്റ്റ് വെയർ ആപ്ലിക്കേഷനിൽ മാറ്റം വരുത്തുകയും ചെയ്തു.
2024-2025 സാമ്പത്തിക വർഷം ലോട്ടറി വകുപ്പ് 13,244 കോടി രൂപ വരുമാനം നേടി.ചെലവ് ഇനത്തിലുള്ള 12,222 കോടി രൂപ മാറ്റി നിർത്തിയാൽ വകുപ്പിനുണ്ടായ ലാഭം 1,022 കോടി രൂപയാണ്. പ്രായമായവർ, ഭിന്നശേഷിക്കാർ, ഹൃദ്രോഗം ബാധിച്ച് കഠിന ജോലികൾ ചെയ്യാൻ സാധിക്കാത്തവർ തുടങ്ങി നിരാലംബരായ ഒരു ലക്ഷം മനുഷ്യർക്ക് ഉപജീവനമാർഗം ഒരുക്കുന്ന ഒരു സർക്കാർ സംവിധാനം കൂടിയാണ് ലോട്ടറി.
കാരുണ്യ ലോട്ടറിയുമായി ചേർന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി സഹകരിച്ച് ലോട്ടറി വകുപ്പ് നടപ്പാക്കുന്ന കാരുണ്യ ബനവലൻ്റ് ഫണ്ട് പദ്ധതി, ക്യാൻസർ, വൃക്ക-ഹൃദ്രോഗങ്ങൾ, ഹീമോഫീലിയ തുടങ്ങിയ രോഗങ്ങളിൽ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നു. അഞ്ച് വർഷത്തിനിടെ 2,37,986 ഡയാലിസിസുകൾ, 83,216 കീമോതെറാപ്പികൾ, 16,525 ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ സൗജന്യമായി നടത്തി. ഇതുവരെ ആകെ 236,04,98,942 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുള്ളത്.
സാധാരണക്കാർക്ക് ഇത്തരം സഹായങ്ങളും ഉപജീവനമാർഗങ്ങളും ലഭ്യമാക്കുന്നതിലൂടെ, കേരള സർക്കാർ ലോട്ടറി വകുപ്പിനെ ഒരു വരുമാന സ്രോതസ്സായി മാത്രം കാണാതെ, സാമൂഹിക ഉത്തരവാദിത്തമുള്ള ഒരു ജനകീയ സംവിധാനമായാണ് നിലനിർത്തുന്നത്.
—–