വൈപ്പിനിലെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി വെളിച്ചത്തിന്റെ ഈ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
കൊച്ചി: അടുത്ത പ്രവേശനോത്സവത്തിന് മുന്‍പ് വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍വത്കരണം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ്. വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ‘വെളിച്ചം’ പദ്ധതിയുടെ എട്ടാം വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് വെളിച്ചം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്ന പദ്ധതി ആരംഭിക്കുന്നതിന് കാരണമായതും വെളിച്ചം പദ്ധതിയാണ്.
ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പായി ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകള്‍ ഹൈടെക് ആക്കും. വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരണമെങ്കില്‍ അക്കാദമിക് സൗകര്യങ്ങളും മെച്ചപ്പെടണം. അതുവഴി സര്‍ഗാത്മക ശേഷിയുള്ള പ്രതിഭകളെ വ്യത്യസ്ത മേഖലകളിലേക്ക് സംഭാവന ചെയ്യാനും സാധിക്കണം. വിവിധ തലങ്ങളില്‍ നിന്ന് ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ അറിവാക്കി മാറ്റി പ്രതിഭകളെ സൃഷ്ടിക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ പഠിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഇതിന്റെ ഭാഗമായി തയാറാക്കിയ സിഡിയുടെ പ്രകാശനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. എസ്. കുസുമത്തിന് നല്‍കി മന്ത്രി നിര്‍വഹിച്ചു. ഈ അധ്യയനവര്‍ഷം എല്‍കെജി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പാഠ്യവിഷയങ്ങളാണ് ദൃശ്യങ്ങളുടെ സഹായത്തോടെ പഠിപ്പിക്കുന്നത്.
സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം ഉറപ്പാക്കുന്ന അമൃതം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വെളിച്ചത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് പദ്ധതി ആരംഭിച്ചത്.
2018-19 അധ്യയന വര്‍ഷത്തെ 15 ലക്ഷം രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പ് തുക കൊച്ചി പെട്രോനെറ്റ് എല്‍എന്‍ജി വൈസ് പ്രസിഡന്റ് ടി.എന്‍. നീലകണ്ഠന്‍ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി. കൊച്ചിന്‍ ബിപിസി എല്‍ റിഫൈനറിയാണ് അമൃതം പദ്ധതിയുടെ സമ്പൂര്‍ണ്ണ സാമ്പത്തിക സഹായം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ എയ്ഡഡ് സര്‍ക്കാര്‍ മേഖലകളിലെ 71 സ്‌കൂളുകളിലാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി പദ്ധതി നടപ്പിലാക്കുന്നത്. കാല്‍ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും സ്‌കൂളുകളിലെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നതാണ് പദ്ധതി. പൊതുവിജ്ഞാനം ഉള്‍പ്പെടുത്തി ലളിതമാക്കിയ സിലബസ്, സപ്പോര്‍ട്ടിങ് സ്റ്റഡി മെറ്റീരിയല്‍സ് എന്നിവ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നു. ഇതുവഴി വിദ്യാര്‍ത്ഥികളെ മികച്ച നിലവാരത്തിലേക്ക് എത്തിക്കുന്നതിന് അധ്യാപകര്‍ക്ക് സാധിക്കുന്നു.
പൊതുവിദ്യാഭ്യാസ രംഗത്ത് വൈപ്പിന്‍ മോഡല്‍ എന്ന പേരില്‍ വെളിച്ചം പദ്ധതിയുടെ ഭാഗമായി നിരവധി മാതൃക പദ്ധതികളാണ് നടപ്പാക്കിവരുന്നത്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ഉറപ്പാക്കുന്ന അമ്മതന്‍ ഭക്ഷണ പദ്ധതി, പ്രത്യാശ കൗണ്‍സലിംഗ് പദ്ധതി, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന സൗജന്യ മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് കോച്ചിങ് പദ്ധതി, ലഹരി വിമുക്ത വിദ്യാലയം പദ്ധതി, ഗതാഗത ബോധവല്‍ക്കരണത്തിനു ഇ-യാത്ര പദ്ധതി, തൊഴിലന്വേഷകര്‍ക്കായി സൗജന്യ പിഎസ്സി പരിശീലനപരിപാടി തുടങ്ങിയവ വെളിച്ചം പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കുന്നു. വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടപ്പിലാക്കിയ വെളിച്ചം ജീവന്‍ സുരക്ഷാ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിനാല്‍ വെളിച്ചം ജീവന്‍ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ത്തലാക്കി.
വെളിച്ചം പദ്ധതിയുടെ ജനറല്‍ കണ്‍വീനറായി ജില്ലാ കളക്ടറും കണ്‍വീനറായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പൗരപ്രമുഖര്‍, വിരമിച്ച പ്രധാന അധ്യാപകര്‍ , അധ്യാപകര്‍ തുടങ്ങിയവര്‍ക്കാണ് കൗണ്‍സിലിംഗ് പദ്ധതിയുടെ മേല്‍നോട്ട ചുമതല.
പാഠ്യവിഷയങ്ങള്‍ വീഡിയോ ദൃശ്യങ്ങള്‍ സഹിതം വിദ്യാര്‍ത്ഥികളെ കാണിച്ചുകൊണ്ട് പഠിപ്പിക്കുന്ന പദ്ധതി അടുത്ത അധ്യയനവര്‍ഷം പത്താംതരം വരെ ആക്കുമെന്ന് എസ്. ശര്‍മ എംഎല്‍എ പറഞ്ഞു.
ചടങ്ങില്‍ വെളിച്ചം കണ്‍വീനര്‍മാരായിരുന്ന മുന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ. സന്തോഷിനും, വൈപ്പിന്‍ എഇഒ എ.ദിവാകരനും യാത്രയയപ്പ് നല്‍കി. ഈ വര്‍ഷത്തെ സഹോദരന്‍ അയ്യപ്പന്‍ സ്മാരക സാഹിത്യ അവാര്‍ഡ് ജേതാവ് യു.സി. കോളേജ് പ്രൊഫസര്‍ ഡോ. മ്യൂസ് മേരി ജോര്‍ജിനെ ആദരിച്ചു. കൂടാതെ ഈ വര്‍ഷത്തെ വെളിച്ചം ജീവന്‍ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ധനസഹായവിതരണവും നടത്തി.
എസ് ശര്‍മ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വെളിച്ചം വൈസ് ചെയര്‍മാന്‍ സിപ്പി പള്ളിപ്പുറം, കുഴുപ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ പോള്‍ കവലക്കാട്ട്, വൈപ്പിന്‍ ബ്ലോക്ക് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, ഇടപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എം. ആര്‍. ആന്റണി , ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. എസ്. കുസുമം, എറണാകുളം എഇഒ എന്‍. എക്‌സ്. ആന്‍സലാം, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. കെ. ലളിത, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് രജിത സജീവ്, എടവനക്കാട് പഞ്ചായത്ത് പ്രസിഡണ്ട് കെ. യു. ജീവന്‍ മിത്ര, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി. കെ. രാധാകൃഷ്ണന്‍, നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അയ്യമ്പിള്ളി ഭാസ്‌കരന്‍, റോസ്‌മേരി ലോറന്‍സ്, സോനാ ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: എസ് ശര്‍മ എംഎല്‍എയുടെ നേതൃത്വത്തില്‍ വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ എട്ടാം വര്‍ഷ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു