കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബായി ഉയർത്തുന്നതിനുള്ള സമഗ്ര പ്രയത്‌നത്തിന്റെ ഭാഗമായി സർക്കാർ സംസ്ഥാനതല അലുമ്‌നി കോൺക്ലേവ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത് ടാഗോർ ഹാളിൽ നടക്കുന്ന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നും പഠിച്ചിറങ്ങിയ ശ്രദ്ധേയരായ പൂർവ്വവിദ്യാർത്ഥികൾ, വിവിധ മേഖലകളിലെ വിദഗ്ദ്ധർ, നയരൂപീകരണ രംഗത്തും നിക്ഷേപമേഖലയിലുമുള്ള പ്രഗത്ഭർ എന്നിവർ കോൺക്ലേവിൽ പങ്കെടുക്കും. മുഴുവൻ വിദ്യാഭ്യാസ മേഖലയുടെയും ദീർഘകാല ദിശയും വികസന പ്രവർത്തനരേഖകളും ആസൂത്രണം ചെയ്യുന്ന വേദിയായി ഇത് മാറും.

സംസ്ഥാനത്തെ പൂർവ്വവിദ്യാർത്ഥി ശൃംഖലകളുടെ ശക്തിയും പങ്കാളിത്തവും പ്രയോജനപ്പെടുത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുക, കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിൽ ആസൂത്രണതലം മുതൽ പൂർവ്വവിദ്യാർത്ഥി പങ്കാളിത്തം ഉറപ്പാക്കുക, വിദ്യാർത്ഥികൾക്ക് മെന്ററിംഗ്, ഇന്റേൺഷിപ്പ്, ഗവേഷണത്തിനും തൊഴിലിനുമുള്ള അവസരങ്ങൾ എന്നിവയുടെ സാധ്യതകൾ ചർച്ച ചെയ്യുക, രാജ്യത്തുടനീളമുള്ളതും അന്താരാഷ്ട്രതലത്തിലുമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വ്യവസായ സ്ഥാപനങ്ങളുമായും സംയുക്ത പ്രവർത്തന സാധ്യതകൾ ആലോചിക്കുക, സ്ഥാപനങ്ങളുടെ വികസനത്തിനുള്ള ധനസഹായം, സ്‌കോളർഷിപ്പുകൾ തുടങ്ങിയ കാര്യങ്ങളിൽ പൂർവ്വവിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കോൺക്ലേവിന്റെ പ്രധാന ലക്ഷ്യം.

കോൺക്ലേവിന്റെ വിജയകരമായ നടത്തിപ്പിനായി കോളേജുകളും സർവ്വകലാശാലകളും സമഗ്രമായ പൂർവ്വവിദ്യാർത്ഥി ഡാറ്റാബേസ് രൂപീകരിക്കുകയും ആഗസ്റ്റ് 15-ന് മുൻപായി സ്ഥാപനതല അലുമ്‌നി സംഗമങ്ങൾ നടത്തുകയും ചെയ്യും. അക്കാദമിക്, മാധ്യമം, കല, രാഷ്ട്രീയം, ബിസിനസ്സ്, പ്രവാസി, വ്യവസായം തുടങ്ങിയ വിവിധ മേഖലകളിൽ ശ്രദ്ധേയ സംഭാവന നൽകിയ കുറഞ്ഞത് രണ്ട് പൂർവ്വവിദ്യാർത്ഥികളെ സ്ഥാപനതലത്തിൽ തിരഞ്ഞെടുക്കും. കൂടാതെ, ഓരോ സ്ഥാപനത്തിലും ഒരു അലുമ്‌നി സെൽ രൂപീകരിച്ച് ഒരു സീനിയർ അധ്യാപകനെ കോ-ഓർഡിനേറ്ററായി നിയമിക്കും. നിലവിലുള്ള പൂർവ്വവിദ്യാർത്ഥി സംഘടനകളുടെ ഏകോപനം, പൂർവ്വവിദ്യാർത്ഥികളെ പങ്കാളികളാക്കിയുള്ള സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കുക, സംഭാവനകൾ കൈകാര്യം ചെയ്യുന്നതിനുള്ള സുതാര്യ സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ചുമതലകൾ അലുമ്‌നി സെല്ലുകൾ നടപ്പിലാക്കും.

കൊച്ചി യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ജനുവരിയിൽ നടന്ന ‘ഷെയ്പ്പിങ് കേരളാസ് ഫ്യൂച്ചർ: ഇന്റർനാഷണൽ കോൺക്ലേവ് ഓൺ നെക്സ്റ്റ്-ജെൻ ഹയർ എഡ്യൂക്കേഷൻ’ പരിപാടിയിലെ പ്രധാന തീരുമാനങ്ങളുടെ ഭാഗമായാണ് അലുമ്‌നി കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കോളേജ് വിദ്യാഭ്യാസ വകുപ്പ്, സാങ്കേതികവിദ്യാഭ്യാസ വകുപ്പ്, ഐ.എച്ച്.ആർ.ഡി., എൽ.ബി.എസ്., ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവ്വകലാശാലകൾ എന്നിവ സംയുക്തമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.