ആലപ്പുഴ: വനിത വികസന കോർപ്പറേഷൻ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കും പരിശീലനം കിട്ടിയ വനിതകളാൽ പരിചരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പാക്കുന്നു. ഈ ജില്ലകളിലെ സ്ഥിര താമസക്കാരായ പത്താം ക്ലാസ് പാസായ 18നും 40 നും മധ്യേ പ്രായമുള്ള വനിതകൾക്ക് വയോജന പരിചരണം, രോഗി ശുശ്രൂഷ എന്നീ മേഖലകളിൽ സൗജന്യ ഔപചാരിക പരിശീലനം നൽകുന്നു. പരിശീലനം ആറ് മാസമാണ്. പരിശീലനം പൂർത്തിയാക്കുന്ന വനിതകൾക്ക് താൽക്കാലിക തൊഴിൽ അവസരം ലഭിക്കും. ഈ മേഖലകളിൽ അഭിരുചിയും താൽപര്യവും യോഗ്യതയും ഉള്ള വനിതകൾ എസ്.എസ്.എൽ.സി പാസായ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മേൽവിലാസം, ഫോൺ, സ്ഥിര താമസക്കാരിയാണെന്ന് തെളിയിക്കുന്ന പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം മാനേജിങ് ഡയറക്ടർ, സംസ്ഥാന വനിത വികസന കോർപ്പറേഷൻ, മൻമോഹൻ ബംഗ്ലാവിന് എതിർവശം, കവടിയാർ പി.ഒ, തിരുവനന്തപുരം- 695 003 എന്ന വിലാസത്തിൽ ഡിസംബർ അഞ്ചിനകം ലഭിക്കണം.