67 വീടുകളുടെ നിർമാണം പൂർത്തിയായി

ആലപ്പുഴ : എല്ലാവർക്കും സ്വന്തമായി വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ സംസ്ഥാന സർ്ക്കാർ ആവിഷ്‌കരിച്ച ലൈഫ് മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മികച്ച തുടക്കം. രണ്ടാംഘട്ടത്തിൽ 67 വീടുകളുടെ നിർമാണമാണ് ആലപ്പുഴയിൽ പൂർത്തിയായിരിക്കുന്നത്. സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളുടെ സഹായത്തോടെ തയ്യാറാക്കുന്ന 12പ്ലാനുകളിൽ നിന്ന് ഇഷ്ടമുള്ള പ്ലാൻ പ്രകാരമാണ് വീടുകൾ നിർമിക്കുന്നത്.
എല്ലാ ഭൂരഹിതർക്കും ഭൂരഹിത -ഭവനരഹിതർക്കും ഭവനം പൂർത്തിയാകാത്തവർക്കും നിലവിലുള്ള പാർപ്പിടം വാസ യോഗ്യമല്ലാത്തവർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനമൊരുക്കുക എന്ന ലക്ഷ്യത്തിലാണ് ലൈഫ് മിഷൻ പ്രവർ്ത്തനമാരംഭിച്ചത്.
ഭൂമിയുള്ള ഭവനരഹിതർ, നിലവിലുള്ള പദ്ധതികളുടെ ഗുണഭോക്താക്കളായിട്ടുള്ള വീട് പണി പൂർത്തിയാകാത്തവർ, പുറമ്പോക്കിലും തീരത്തും താത്കാലിക വീടുള്ളവർ, ഭൂരഹിതർ എന്നിങ്ങനെ നാല് ഘട്ടങ്ങളായിട്ടാണ് ലൈഫ് മിഷൻ പദ്ധതി നിർവഹണം നടക്കുന്നത്. നിലവിൽ രണ്ടാം ഘട്ടമായ ഭൂമിയുള്ള ഭവന രഹിതരുടെ ഭവന നിർമാണമാണ് പുരോഗമിക്കുന്നത്.
ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തിൽ 2832 വീടുകളുടെ ലിസ്റ്റായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 2550 വീടുകൾ വാസയോഗ്യമാക്കി. ശേഷിക്കുന്ന 282 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.ജനറൽ വിഭാഗത്തിൽ 128ും എസ്.സി വിഭാഗത്തിൽ 151ും എസ്.ടി വിഭാഗത്തിൽ മൂന്ന് ഭവനങ്ങളുടെ നിർമാണവുമാണ് പുരോഗമിക്കുന്നത്. ഡിസംബർ അവസാനത്തോടെ ഒന്നാം ഘട്ടം ജില്ലയിൽ പൂർത്തിയാകുമെന്ന് ജില്ലാ ലൈഫ് മിഷൻ കോർഡിനേറ്റർ ഉദയസിംഹൻ പറഞ്ഞു.
ലൈഫ് മിഷൻ രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള 7500 ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു വിതരണം ചെയ്തു. നാലു ലക്ഷം രൂപയാണ് ലൈഫ് മിഷൻ ഒരു ഭവന നിർമാണത്തിന് വേണ്ടി ചെലവഴിക്കുന്നത്. ഗുണഭോക്താക്കളുടെ അർഹത പരിശോധന ജില്ലയിൽ പൂർത്തിയായപ്പോൾ 10474 ഗുണഭോക്താക്കളെയാണ് അർഹതയുള്ളവരായി കണ്ടെത്തിയത്.ഇതിൽ 8305 ഗുണഭോക്താക്കളുടെ രേഖാ പരിശോധനാ പൂർത്തീകരിക്കുകയും ഗുണഭോക്താക്കൾ ഭവന നിർമാണ കരാറിൽ ഒപ്പ് വെയ്ക്കുകയും ചെയ്തു. വിവരശേഖരണ പട്ടികയിൽ 14929 ഗുണഭോക്താക്കളായിരുന്നു ഉണ്ടായിരുന്നത്. . രണ്ടാം ഘട്ട മിഷന്റെ വീടുകളുടെ പണി ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാക്കാനാകുമെന്ന്ും ജില്ലാ ലൈഫ് മിഷൻ കോഓർഡിനേറ്റർ പറഞ്ഞു