പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച സഹായം അപര്യാപ്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ എപ്പോഴും കേന്ദ്രവുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ പുനര്‍നിര്‍മാണത്തില്‍ വേണ്ടത്ര സഹായം ലഭിക്കുന്നില്ല എന്ന പ്രശ്‌നം സംസ്ഥാനത്തിന് മുന്നിലുണ്ട്.
പ്രളയസമയത്ത് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും കേരളം സന്ദര്‍ശിച്ച് പ്രളയവ്യാപ്തി നേരിട്ട് മനസിലാക്കിയതാണ്. അതുകൊണ്ടുതന്നെ നല്ലതോതില്‍ കേന്ദ്ര സാമ്പത്തികസഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അര്‍ഹതപ്പെട്ട സഹായം ലഭിച്ചില്ലെന്നു മാത്രമല്ല, യു.എ.ഇ സര്‍ക്കാര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത തുക കേന്ദ്രനിലപാട് മൂലം നഷ്ടമാവുകയും ചെയ്തു. 2016ലെ ദേശീയ ദുരന്ത മാനേജ്‌മെന്റ് പ്ലാനിലെ വ്യവസ്ഥകള്‍ പ്രകാരം സ്വമേധയാ വിദേശ രാജ്യങ്ങള്‍ നല്‍കുന്ന സഹായം സ്വീകരിക്കാവുന്നതാണ്.
ലോകമാകെയുള്ള പ്രവാസി മലയാളികളെ സന്ദര്‍ശിച്ച് പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താനുള്ള മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നല്‍കിയതുമില്ല.
ദേശീയ ദുരന്ത നിവാരണ നിധി മാനദണ്ഡമനുസരിച്ച് കേരളം ആവശ്യപ്പെട്ടത് 5616 കോടി രൂപയുടെ പുനരധിവാസ ധനസഹായമാണ്. ആദ്യഘട്ടത്തിലുണ്ടായ പ്രളയത്തിന് 820 കോടിയും രണ്ടാംഘട്ടത്തിലെ മഹാപ്രളയത്തിന് 4796 കോടി രൂപയും ഉള്‍പ്പെടെയാണിത്. ഇതുകൂടാതെ, പ്രത്യേക ധനസഹായമായി 5000 കോടി രൂപയുടെ പാക്കേജും ആവശ്യപ്പെട്ടിരുന്നു.
ഇത്രയും തുക ലഭിച്ചാല്‍ പോലും സംസ്ഥാനത്തെ നാശനഷ്ടങ്ങള്‍ നികത്താനാവില്ല. ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഫലപ്രദമായ നടപടിയുണ്ടായില്ല എന്നത് ഗൗരവകരമാണ്.
സംസ്ഥാനത്ത് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിശദപഠനം നടത്തിയ ലോകബാങ്ക്, യു.എന്‍ സംഘങ്ങള്‍ കണ്ടെത്തിയത്. യഥാര്‍ഥനഷ്ടം ഇതിലും വലുതാണ്.
അതിനാലാണ് സംസ്ഥാനത്തിന് വായ്പ വാങ്ങാനുള്ള പരിധി മൂന്നുശതമാനത്തില്‍നിന്ന് നാലര ശതമാനമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്. നബാര്‍ഡില്‍ നിന്ന് 2500 കോടി രൂപയുടെ വായ്പ അനുവദിക്കണമെന്നും, ലോക ബാങ്ക്, എ.ഡി.ബി തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് വായ്പ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടത്.
വിവിധ വകുപ്പുകള്‍ മുഖേനയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ധനസഹായം 10 ശതമാനം വര്‍ധിപ്പിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിരുന്നു.
കേരളത്തെ സഹായിക്കാന്‍ സെസ് ഏര്‍പ്പെടുത്താമെന്ന് കേന്ദ്രം ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ അത് പ്രായോഗികമാക്കാന്‍ നടപടിയെടുത്തില്ല.
കേരളത്തിന് കേന്ദ്രം ആകെ നല്‍കിയത് 600 കോടി രൂപ മാത്രമാണ്. പ്രളയകാലത്ത് കേന്ദ്രം നല്‍കിയ അരിക്കും മണ്ണെണ്ണയ്ക്കും കേന്ദ്രതീരുമാനം പ്രകാരം താങ്ങുവില നിരക്ക് നല്‍കേണ്ടിവന്നാല്‍ 265.74 കോടി കേന്ദ്രത്തിന് നല്‍കേണ്ടിവരും. അങ്ങനെവന്നാല്‍ കേന്ദ്രസഹായം 334.26 കോടി മാത്രമായി ചുരുങ്ങും.
ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ കര്‍ണാടകയിലെ ഒരു ജില്ലയില്‍ പ്രളയമുണ്ടായപ്പോള്‍ 546 കോടിയാണ് കേന്ദ്രം അനുവദിച്ചത്. ഉത്തരാഖണ്ഡില്‍ നേരത്തെ പ്രളയമുണ്ടായപ്പോള്‍ 2300 കോടി രൂപ നല്‍കി. 2015ല്‍ ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ 940 കോടി രൂപയാണ് നല്‍കിയത്. എന്നാല്‍, കേരളമൊട്ടാകെ അതിശക്തമായ പ്രളയമുണ്ടായപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ തോതിലുള്ള സഹായങ്ങള്‍ നല്‍കിയല്ല.  സാമ്പത്തിക പരിമിതികള്‍ക്കിടയിലും മനുഷ്യസാധ്യമായ എല്ലാ നടപടികളും ദുരിതബാധിതരെ സഹായിക്കാന്‍ സംസ്ഥാനം സ്വീകരിച്ചു.
ജൂലൈ 27 മുതല്‍ നവംബര്‍ 21 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2683.18 കോടി രൂപയാണ് ലഭിച്ചത്. കേന്ദ്രം നല്‍കിയ 600 കോടി ഉള്‍പ്പെടെ എസ്.ഡി.ആര്‍.എഫിലെ തുക 958.23 കോടിയും ചേര്‍ന്നാല്‍ 3641.91 കോടിയാണ് സംസ്ഥാനത്തിന്റെ കൈവശമുള്ളത്. അതില്‍ സി.എം.ഡി.ആര്‍.എഫില്‍ ചെലവഴിച്ചതും മന്ത്രിസഭാ തീരുമാനപ്രകാരം നല്‍കാനുള്ളതും ചേര്‍ത്താല്‍ 1950.18 കോടി ചെലവ് വരും.
തകര്‍ന്ന വീടുകള്‍ പുതുക്കി പണിയാനും പുതിയത് പണിയാനുമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന തുക 1357 കോടി രൂപയാണ്. പൂര്‍ണമായി തകര്‍ന്ന വീടിന് കേന്ദ്രം നല്‍കുന്നത് ശരാശരി ഒരു ലക്ഷമാണ്. ബാക്കി മൂന്നുലക്ഷം കൂടി സംസ്ഥാനം നല്‍കുന്നതിനാലാണ് നാലുലക്ഷം രൂപ ഒരു വീടിന് ലഭിക്കുന്നത്. എല്ലാ മേഖലയിലും കേന്ദ്രം നല്‍കുന്നതിനേക്കാള്‍ സംസ്ഥാനം നല്‍കുന്ന സഹായം കൂടുതലാണ്.
ഇത്തരം ചെലവുകള്‍ നിറവേറ്റിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ബാക്കിയുണ്ടാവുക കേവലം 733 കോടിയായിരിക്കും. എസ്.ഡി.ആര്‍.എഫിലാണെങ്കില്‍ ചെലവഴിച്ചതും കേന്ദ്ര മാനദണ്ഡപ്രകാരം തുക നല്‍കാനും 214.38 കോടി രൂപ വേണ്ടിവരും. കേന്ദ്രമാനദണ്ഡപ്രകാരമുള്ള തുകയും മന്ത്രിസഭയുടെ തീരുമാനപ്രകാരമുള്ള അധിക ആനുകൂല്യങ്ങളും നല്‍കാന്‍ കേന്ദ്രസഹായം കൂടിയേ തീരൂ.
കേരള ജനത ഒറ്റക്കെട്ടോടെ ജാതി, മതങ്ങള്‍ക്ക് അതീതമായി യോജിച്ചു നിന്നാണ് പ്രളയത്തെ നേരിട്ടത്. ലോകം തന്നെ മാതൃകാപരമായ നടപടിയായാണ് ഇതിനെ കണ്ടത്. ആ ഐക്യം ഊട്ടിയുറപ്പിച്ച് തടസ്സങ്ങളെ തട്ടിമാറ്റി പുനര്‍നിര്‍മാണം പൂര്‍ത്തികരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പുനര്‍നിര്‍മാണത്തിന് ലോകത്തെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടും നമ്മുടെ പാരിസ്ഥിതികമായ സവിശേഷതകള്‍ മനസിലാക്കിയും ജീവനോപാധികളെ സംരക്ഷിച്ചും മുന്നോട്ടുപോകുക എന്ന ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
പുനര്‍നിര്‍മാണത്തിന് ഉപദേശകസമിതിയും ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും പദ്ധതി നിര്‍വഹണത്തിന് വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഒരു സംവിധാനവും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഉപദേശകസമിതിയുടെ രണ്ടുയോഗങ്ങള്‍ ഇതിനകം ചേര്‍ന്ന് വ്യക്തമായ ദിശാബോധം ഉറപ്പാക്കാന്‍ നടപടിയെടുക്കുകയും ചെയ്തു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മെയ് മാസത്തിന് മുമ്പായി വീട് പുനര്‍നിര്‍മിച്ച് നല്‍കാനാവശ്യമായ പിന്തുണാസംവിധാനങ്ങളും സര്‍ക്കാര്‍ ഏകോപിപ്പിക്കുന്നുണ്ട്.
കാലവര്‍ഷക്കെടുതി ഏല്‍പ്പിച്ച ആഘാതം വികസനപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താതിരിക്കാനുള്ള ശ്രമങ്ങളുമായാണ് സര്‍ക്കാര്‍ നീങ്ങുന്നത്. സംഘര്‍ഷങ്ങളും അതുപോലുള്ള പ്രശ്്‌നങ്ങളും വികസനപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താതിരിക്കാനുള്ള സഹകരണം എല്ലാവരില്‍നിന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.