സുതാര്യമായ ഭരണം ഉറപ്പാക്കാന്‍ ജനങ്ങള്‍ വിവരാവകാശ നിയമവും സേവനാവകാശ നിയമവും ഉപയോഗപ്പെടുത്തണമെന്ന് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എന്‍.കെ. ജയകുമാര്‍ പറഞ്ഞു. ജനാധിപത്യ സംവിധാനത്തെ ദൃഢപ്പെടുത്താനുള്ള ഉപകരണങ്ങളെന്ന നിലയ്ക്ക് ഇവ നിരന്തരമായി ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ഇവയുടെ മൂര്‍ച്ച നഷ്ടമാവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് സംഘടിപ്പിച്ച വിവരാവകാശവും സേവനാവകാശവും- ജനാധിപത്യം ദൃഢപ്പെടുത്താനുള്ള ഉപകരണങ്ങള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുഗമമായ ജനാധിപത്യക്രമമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയ്ക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച പല രാജ്യങ്ങളിലും ജനാധിപത്യ സംവിധാനം ദുര്‍ബലമാണ്. സേവനാവകാശവും വിവരാവകാശവും നമ്മുടെ ജനാധിപത്യക്രമത്തിന് കരുത്തുപകരുന്ന നാഴികക്കല്ലുകളാണെന്നും രാജ്യത്തെ സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇവ ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഐഎംജി ഡയറക്ടര്‍ കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്,  ഡോ. ജയ എസ്. ആനന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു.