പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം നവംബര്‍ 27ന് ആരംഭിക്കും. നിയമനിര്‍മ്മാണത്തിനായുള്ള സമ്മേളനം 13 ദിവസം ചേരുമെന്ന് സ്പീക്കര്‍ പി. രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യ ദിവസം സഭാംഗമായിരുന്ന പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തില്‍ ചരമോപചാരം അര്‍പ്പിച്ചു പിരിയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയക്കേണ്ട ബില്ലുകളുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ സഭ പരിഗണിക്കും.
28ന് 2018 ലെ കേരള മുന്‍സിപ്പാലിറ്റി (മൂന്നാം ഭേദഗതി) ബില്‍, 2018 ലെ കേരള പഞ്ചായത്ത് രാജ് (മൂന്നാം ഭേദഗതി) ബില്‍, 2018 ലെ കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ബില്‍ എന്നിവ പരിഗണിക്കും.
29ന് 2018 ലെ കേരള പോലീസ് (ഭേദഗതി) ബില്‍, 2018 ലെ കോഴിക്കോട് സര്‍വകലാശാലാ (സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താത്കാലിക ബദല്‍ ക്രമീകരണം) ബില്‍ എന്നിവ പരിഗണിക്കും.
2018 -19 വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും ഡിസംബര്‍ 10ന് നടക്കും.
നിയമനിര്‍മ്മാണത്തിനായി നീക്കിവച്ച മറ്റ് ദിവസങ്ങളില്‍ കാര്യോപദേശക സമിതി തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ബില്ലുകള്‍ സഭ പരിഗണിക്കും. പതിമൂന്നാം സമ്മേളനം ഡിസംബര്‍ 13ന് അവസാനിക്കാനാണ് തീരുമാനം. ബജറ്റിന്റെ സമ്പൂര്‍ണ്ണ നടപടിക്രമം മാര്‍ച്ച് 31ന് പൂര്‍ത്തിയാക്കുംവിധം നിയമസഭ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.