ശബരിമല: സന്നിധാനത്തെ പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പമ്പയിലും സന്നിധാനത്തുമുള്ള മുഴുവൻ വിശുദ്ധിസേനാംഗങ്ങൾക്കും എലിപ്പനി പ്രതിരോധത്തിനായുള്ള ‘ഡോക്സിസൈക്ലിൻ’ ഗുളികകൾ വിതരണം ചെയ്തു. ഇതോടൊപ്പം കൊപ്രാക്കളത്തിൽ പണിയെടുക്കുന്ന 200 പേർക്കും ഗുളിക വിതരണം ചെയ്തു. കങ്കാണിമാർക്ക് ആവശ്യമായ ബോധവൽക്കരണങ്ങൾ നൽകി. മുഴുവൻ തൊഴിലാളികളിലേയ്ക്കും ആരോഗ്യപരിരക്ഷയുടെ പ്രാധാന്യം എത്തിച്ചു.
അതിഥി തൊഴിലാളികൾക്കുള്ള രക്തപരിശോധനാ ക്യാംപിനൊപ്പം മലമ്പനി, മന്ത് എന്നീ രോഗപരിശോധന കുഷ്ഠരോഗ സാധ്യതയുള്ളവരെ കണ്ടെത്തുന്നതിനുള്ള പരിശോധന എന്നിവയും സന്നിധാനത്ത് നടത്തുന്നു. ഇതുവരെ ആരിലും രോഗം സ്ഥിതീകരിച്ചിട്ടില്ല. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവയെക്കുറിച്ചും തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണംനടത്തി. കൂടാതെ ഭക്ഷണവിൽപ്പന-വിതരണ കേന്ദ്രങ്ങളിൽ ശുചിത്വപരിശോധന നടത്തുന്നതിനൊപ്പം തൊഴിലാളികൾക്ക് എത്രയുംവേഗം ഹെൽത്ത്കാർഡുകൾ ലഭ്യമാക്കുന്നതിനുള്ള കർശന നിർദേശങ്ങളും നൽകി. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. സന്തോഷ് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.സി. ജയൻ, ലിജുമോൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യബോധവൽക്കരണ ക്ലാസ്സുകളും പ്രതിരോധഗുളികകളുടെ വിതരണവും സംഘടിപ്പിച്ചത്.