പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഒരുവർഷത്തെ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായ ആഗസ്റ്റ് 9 വൈകിട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കും. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പങ്കെടുക്കും. മേയർ, ജില്ലയിലെ പാർലമെന്റ്- നിയമസഭാ അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ തുടങ്ങിയവരും പങ്കെടുക്കുമെന്ന് സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു അറിയിച്ചു.
പട്ടികവർഗ വിദ്യാർത്ഥികൾക്കായി പുതുതായി ആരംഭിക്കുന്ന സ്മാർട്ട് പഠനമുറി പദ്ധതിയുടെ പ്രഖ്യാപനവും ഉന്നതികളിലെ ദുരന്ത നിവാരണ മാർഗരേഖ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. വിദേശ പഠനത്തിനുളള ഉന്നതി ഓവർസീസ് സ്കോളർഷിപ്പ് ഓഫർ ലെറ്റർ മന്ത്രി കെ.എൻ.ബാലഗോപാൽ കൈമാറും. നൂറു ശതമാനം വിജയം നേടിയ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കുളള ട്രോഫി മന്ത്രി ജി.ആർ.അനിൽ വിതരണം ചെയ്യും. പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുളള ലാപ് ടോപ്പ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിതരണം ചെയ്യും. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് കേരളത്തിലെ വിവിധ ഗോത്ര സമൂഹങ്ങളുടെ കലാപരിപാടികൾ അരങ്ങേറും. രാവിലെ 9 മുതൽ കനകക്കുന്നിൽ വിവിധ തദ്ദേശീയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടക്കും. അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്ക് യൂണിവേഴ്സിറ്റി കോളേജിന്റെ പരിസരത്ത് നിന്നും തദ്ദേശ ജനതയുടെ ഘോഷയാത്രയോടുകൂടിയാണ് പരിപാടികൾ ആരംഭിക്കുക.
1975 ജൂലൈ ഒന്നിനാണ് ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിൽ നിന്ന് ട്രൈബൽ വെൽഫയറിനായി പ്രത്യേക വകുപ്പ് രൂപീകരിച്ചത്. സുവർണ്ണ ജൂബിലി വർഷമായ 2025-26 ൽ വൈവിധ്യമാർന്ന പരിപാടികൾ നടപ്പാക്കുന്നത്. ഒരു വർഷം നീളുന്ന പരിപാടികളിലൂടെ പട്ടികവർഗ വികസനം സംബന്ധിച്ച് പുതിയ ദിശാ ബോധത്തിനും ഇതുവഴി ലക്ഷ്യ വിഭാഗത്തിന്റെ സമഗ്രമായ ഉന്നമനത്തിനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വകുപ്പിന്റെ ഇതുവരെയുള്ള പദ്ധതി പ്രവർത്തനങ്ങളും പരിപാടികളും വിലയിരുത്തുക, അര നൂറ്റാണ്ടുകൊണ്ട് ഈ മേഖലയിലുണ്ടായ മാറ്റങ്ങളും നേട്ടങ്ങളും അടയാളപ്പെടുത്തുക, ഈ മേഖലയിലെ പ്രതിഭകളേയും വിദഗ്ധരേയും കേൾക്കുകയും ആദരിക്കുകയും ചെയ്യുക, പുതിയ വികസന കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവെക്കാൻ കോൺക്ലേവുകൾ സംഘടിപ്പിക്കുക തുടങ്ങിയ പരിപാടികൾ് നടത്തും.
ഇതിനു പുറമേ എല്ലാ പട്ടികവർഗ്ഗ വിഭാഗക്കാർക്കും ഭൂമി ഉറപ്പാക്കി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിതർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുക,ഫോറസ്റ്റ് വില്ലേജുകൾ സമയബന്ധിതമായി റവന്യൂ വില്ലേജാക്കി മാറ്റുക, വനാവകാശനിയമ പ്രകാരം നൽകിയ സ്ഥലത്തിന്റെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കുക, എല്ലാ ഉന്നതികളിലും റോഡ്, കുടിവെള്ളം, വൈദ്യുതി, ഇന്റർനെറ്റ്, ശ്മശാനം, തുടങ്ങിയവ ഉറപ്പാക്കുക, എബിസിഡി പദ്ധതിയിലൂടെ എല്ലാ പട്ടികവർഗ്ഗക്കാർ അടിസ്ഥാന രേഖകൾ ഉറപ്പാക്കി ഡിജിറ്റലൈസ് ചെയ്ത് പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന പ്രഖ്യാപനം തുടങ്ങി വിവിധ പരിപാടികളും സുവർണ്ണ ജൂബിലിയുടെ ഭാഗമായി ആസൂത്രണം ചെയ്യുന്നുണ്ട്.
പട്ടികവർഗ്ഗ വിഭാഗക്കാരിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം, ദുരന്തസാധ്യതയുള്ള പട്ടികവർഗ്ഗ ഉന്നതികളിൽ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കൽ, എല്ലാ പട്ടികവർഗ്ഗക്കാർക്കും ആരോഗ്യ ഇൻഷുറൻസ്, ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾ സുവർണ്ണ ജൂബിലി വർഷത്തിൽ പൂർത്തിയാക്കും.
വയനാട് ജില്ലയിൽ നടപ്പിലാക്കിയ ഡിജിറ്റലി കണക്റ്റഡ് ട്രൈബൽ ഏരിയാ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. ആറളം ഫാമിൽ നിർമ്മാണം പൂർത്തീകരിച്ച സ്കൂൾ കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തി കാർഷിക, ഫിഷറീസ്, വെറ്ററിനറി സർവ്വകലാശാലകളുടെ ഹ്രസ്വകാല കോഴ്സുകൾ നടത്തുന്നതിന് സുവർണ ജൂബിലി ട്രെയിനിംഗ് കേന്ദ്രം ആരംഭിക്കും. ‘എൻ ഊര്’ പദ്ധതി ഉത്തരവാദിത്ത ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി എത്നിക് ടൂറിസം പദ്ധതിയായി വിപുലീകരിക്കും.
സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് വഴി വിവിധ നിർമ്മാണ ജോലികൾക്ക് പരിശീലനം നൽകിയ 85 ഗോത്ര ജീവിക സംഘങ്ങളെ സംസ്ഥാന തലത്തിൽ ഏകോപിപ്പിച്ച് ഫെഡറേഷൻ രൂപീകരിക്കാനും കിർത്താഡ്സ് തയ്യാറാക്കിയിട്ടുള്ള തദ്ദേശീയ വൈദ്യൻമാരുടെ അറിവ് സംരക്ഷിക്കുന്നതിനും ഏകീകരിക്കുന്നതിനും പ്രത്യേക പദ്ധതി നടപ്പാക്കും. എല്ലാ പട്ടിക വർഗ്ഗ ഉന്നതികളിലും സുവർണ്ണ ജൂബിലി സന്ദേശം നൽകി ജൂലൈ 27 ന് ഊരുത്സവങ്ങൾ സംഘടിപ്പിച്ചതായും മന്ത്രി അറിയിച്ചു.
