പാലക്കാട് ജില്ലയിലെ അനങ്ങനടി ഗ്രാമപഞ്ചായത്തിൽ നവീകരിച്ച പ്ലാക്കാട്ടുകുളം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാന ബജറ്റില്‍ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് പ്ലാക്കാട്ടുകുളം നവീകരണം നടത്തിയത്. 75വര്‍ഷത്തോളം പഴക്കമുള്ള പ്ലാക്കാട്ടുകുളം അനങ്ങനടി പഞ്ചായത്ത് ഓഫീസിന് പിന്‍വശത്തായി 1.25 ഏക്കര്‍ വിസ്തീര്‍ണ്ണത്തിലാണ് സ്ഥിതിചെയ്യുന്നത്. പായലും ചെളിയും നിറഞ്ഞ കുളത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇറിഗേഷന്‍ വകുപ്പാണ് പുനരുജ്ജീവിപ്പിച്ച് മനോഹരമാക്കിയത്. കുളത്തിനു ചുറ്റും സംരക്ഷണ ഭിത്തി,ഇരുമ്പ് ഗ്രില്ല്, ഇന്റര്‍ ലോക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്.

ഒരു വേനലിലും വറ്റാത്ത ജലസംഭരണി കൂടിയായ പ്ലാക്കാട്ടുളം സമീപത്തെ മുന്നൂറ് ഏക്കളോളം വരുന്ന കൃഷിക്കും ജലസേചനത്തിനായി ഉപയോഗിക്കാം. കുളം നവീകരിച്ച് വീണ്ടെടുത്തതോടെ നിരവധി പേര്‍ ഇവിടെ നീന്തല്‍ പരിശീലനവും നടത്തി വരുന്നുണ്ട്. സുഗമമായ നീന്തല്‍ പരിശീലനത്തിനാവശ്യമായ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയാണ് നവീകരണ പ്രവൃത്തി നടത്തിയത്.അതിനായി കുളത്തിലെ ഒരു ഭാഗം ആഴം കുറച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.

ചടങ്ങില്‍ പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനായി. എം.ഐ.സി.സി സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ഡോ. പി.എസ്. കോശി റിപ്പോര്‍ട്ട് അവതരിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്ര പ്രസാദ്, അനങ്ങനടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം സി അബ്ദുല്‍ ഖാദര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. അനിത ടീച്ചര്‍, സി.പി. വനജ, സി.പി. ശശി, കെ. റഫീഖ്, പാലക്കാട് എം.ഐ. ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. ബിജു, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.